തൃശൂർ : ശ്രദ്ധേയമായ മത്സരം നടക്കുന്ന കോർപറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് എൽ.ഡി.എഫ് മറ്റ് കക്ഷികളേക്കാൾ ഒരുപടി മുന്നിലെത്തി. യു.ഡി.എഫും എൻ.ഡി.എയും ആദ്യഘട്ട ലിസ്റ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസാണ് എൽ.ഡി.എഫ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോർപറേഷനിലേക്ക് സി.പി.എം തന്നെയാണ് കൂടുതൽ സീറ്റുകളിലും മത്സരിക്കുന്നത്. ആകെയുള്ള 55 സീറ്റുകളിൽ 38 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. ഇതിൽ അടുത്തിടെ കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലെത്തിയ മുൻ പ്രതിപക്ഷ നേതാവ് എം.കെ മുകുന്ദൻ, ഡെപ്യൂട്ടി മേയർ റാഫി പി. ജോസ് , എം.എൽ റോസി ഉൾപ്പെടെ എഴ് പേരെ സ്വതന്ത്ര വേഷത്തിലാണ് സി.പി.എം രംഗത്ത് ഇറക്കുന്നത്. എം.കെ മുകുന്ദൻ പുല്ലഴിയിലും റാഫി ജോസ് ഒല്ലൂരും മത്സരിക്കും.
നേരത്തെ കോൺഗ്രസ് വിട്ട എം.കെ സൂര്യപ്രകാശിനെ കൂർക്കഞ്ചേരിയിൽ മത്സരിപ്പിക്കും. എം.എൽ റോസി കാളത്തോടാണ് മത്സരിക്കുക. ഭരണം നിലനിറുത്തിയാൽ മേയർ സ്ഥാനം ലഭിക്കാൻ സാദ്ധ്യതയുള്ള ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ ഷാജൻ ലാലൂരാണ് മത്സരിക്കുന്നത്.
മുതിർന്ന നേതാവ് വർഗീസ് കണ്ടംകുളത്തി അഞ്ചേരിയിലാണ് മത്സരിക്കുക. കഴിഞ്ഞ കൗൺസിലിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേർക്കും ഇത്തവണ സീറ്റില്ല. വനിതാ സിറ്റിംഗ് കൗൺസിലർമാരെയും പരിഗണിച്ചിട്ടില്ല. കഴിഞ്ഞ തവണ സി.പി.എമ്മിനുള്ളിൽ നിന്നുകൊണ്ട് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധം പ്രവർത്തിച്ചവരെ കളത്തിന് പുറത്ത് നിറുത്തിയിട്ടുണ്ട്. നിലവിലെ കൗൺസിലിലെ വി.കെ സുരേഷ് കുമാർ, അനൂപ് ഡേവിഡ് കാട എന്നിവർ ഇത്തവണയും മത്സരിക്കും. കഴിഞ്ഞ തവണ സി.എം.പി ബാനറിൽ മത്സരിച്ച പി. സുകുമാരൻ ഇത്തവണ സി.പി.എം ചിഹ്നത്തിൽ കാനാട്ടുകരയിൽ മത്സരിക്കും. സി.പി.ഐയിലെ മുൻ മേയർ അജിതാ വിജയനെ കണിമംഗലം ജനറൽ സീറ്റിൽ മത്സരിപ്പിക്കും. സി.പി.ഐയിൽ കൃഷ്ണാപുരം സീറ്റിൽ പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് അവഗണിച്ച് ബീനാ മുരളിയെ തന്നെ മത്സരിപ്പിക്കാൻ സി.പി.ഐ ജില്ലാ നേതൃത്വം തീരുമാനിച്ചു.
ഇതിൽ പ്രതിഷേധിച്ച് പ്രാദേശിക ഘടകത്തിലെ പ്രമുഖർ രാജിവെച്ചിരുന്നു. ജനതാദളിലെ ഷീബ ബാബു നടത്തറയിൽ തന്നെ മത്സരിക്കും. യു.ഡി.എഫ് വിട്ട് വന്ന കേരള കോൺഗ്രസിന് (എം. ജോസ് വിഭാഗം) എടക്കുന്നിയും അയ്യന്തോളും നൽകി. അയ്യന്തോളിൽ മുൻ കൗൺസിലർ ഉണ്ണിക്കൃഷ്ണൻ ഈച്ചരത്താണ് സ്ഥാനാർത്ഥി. ആകെയുള്ള 11 കക്ഷികളിൽ സി.പി.എം, സി.പി.ഐ എന്നിവർക്ക് പുറമേ കേരള കോൺഗ്രസ് ജോസ് വിഭാഗം, ജനതാദൾ (സെക്കുലർ), എൻ.സി.പി, എൽ.ജെ.ഡി, കേരള കോൺഗ്രസ് (എസ്) എന്നിവർക്കാണ് സീറ്റ് നൽകിയത്. പത്രസമ്മേളനത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി, സി.ആർ വത്സൻ, ഷൈജു ബഷീർ തുടങ്ങി എല്ലാ ഘടക കക്ഷി നേതാക്കളും പങ്കെടുത്തു.