തൃശൂർ: വികസനത്തിന് വോട്ട്, വികസന തുടർച്ചയ്ക്ക് വോട്ട് എന്നതാണ് എൽ.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വയ്ക്കുന്ന മുദ്രവാക്യമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്.
കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്ക്, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ എല്ലാം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം സ്ഥലങ്ങളിലും എൽ.ഡി. എഫ് ഭരണ സമിതികളാണ് നിലവിൽ വന്നത്. ഇവിടെയെല്ലാം സമസ്ത മേഖലകളിലും വൻ കുതിച്ചു ചാട്ടമാണ് വികസന രംഗത്ത് കാഴ്ച്ചവെച്ചത്.
കോർപറേഷൻ ഭരണ സമിതിയിൽ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും അഞ്ചു വർഷം തികയ്ക്കാനായത് വലിയ നേട്ടമാണ്. പ്രതിപക്ഷം ചില പ്രശ്നം ഉയർത്തിക്കൊണ്ട് വന്നെങ്കിലും അതെല്ലാം അടിസ്ഥാന രഹിതമാണെന്ന് അവർക്ക് തന്നെ പലപ്പോഴും ബോദ്ധ്യപ്പെട്ട് പിന്തിരിയേണ്ട സാഹചര്യമുണ്ടായി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ബസ് സ്റ്റാൻഡാണ് നഗരത്തിൽ നിർമ്മിച്ചത്. ദിവാൻജി മൂല മേൽപ്പാലം കോർപറേഷൻ ഭരണ സമിതിയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് ഉണ്ടാക്കിയത്. മാലിന്യ സംസ്കരണം, കുടിവെള്ള പ്രശ്നം എന്നിവയിലെല്ലാം എൽ. ഡി. എഫ് ഭരണ സമിതിയുടെ പ്രവർത്തനം ജനങ്ങൾക്ക് ബോദ്ധ്യപെട്ട് കഴിഞ്ഞു. എൽ. ഡി. എഫ് സംവിധാനം യാതൊരു വിധ തർക്കങ്ങളും ഇല്ലാതെ മുന്നോട്ട് പോകുകയാണ്.
സംസ്ഥാനം ഭരിക്കുന്ന എൽ. ഡി. എഫ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് ഏറെ നേട്ടങ്ങളാണുണ്ടായത്. സാമൂഹിക ക്ഷേമ മേഖലയിലുണ്ടായ നേട്ടം എടുത്തു പറയേണ്ടതാണ്.
ക്ഷേമ പെൻഷൻ 1,400 രൂപയാണ് പ്രതിമാസം കൊടുക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ ലോകത്തിന് തന്നെ മാതൃകയായി. സൗജന്യ റേഷൻ, ഭക്ഷ്യ ധാന്യ കിറ്റ് എന്നിവയെല്ലാം എല്ലാം വിഭാഗം ജനങ്ങളിലെത്തിക്കാൻ സാധിച്ചു. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട പ്രകടനം എൽ. ഡി. എഫ് കൈവരിക്കും.