ഗുരുവായൂർ: നഗരസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാനാകാതെ കോൺഗ്രസ്. ഐ വിഭാഗം മത്സരിക്കുന്ന വാർഡുകളിലാണ് തർക്കം രൂക്ഷമായി നിലനിൽക്കുന്നത്. മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിറുത്താൻ ഐ ഗ്രൂപ്പ് നേതൃത്വ യോഗം തീരുമാനിച്ചിട്ടുണ്ട്.
13, 14, 17, 19, 22, 28, 29 വാർഡുകളിലാണ് തർക്കം നിലനിൽക്കുന്നത്. ഇതിൽ 13-ാം വാർഡിൽ നാല് പേർ സ്ഥാനാർത്ഥിയാകാൻ രംഗത്തുണ്ട്. ഇതിൽ രണ്ടുപേർ മുതിർന്ന കോൺഗ്രസ് നേതാക്കളും ഒരാൾ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിയും മറ്റൊരാൾ കോൺഗ്രസ് മണ്ഡലം ഭാരവാഹിയുമാണ്. ഈ വാർഡിലെ മുതിർന്ന അംഗങ്ങളിൽ ഒരാളെ ടി.എൻ. പ്രതാപൻ തന്നെയാണ് സ്ഥാനാർത്ഥിയാക്കാനായി രംഗത്തിറക്കിയത്.

എന്നാൽ അവസാന നിമിഷം ഇയാളെയും പ്രതാപൻ കൈവിടുന്ന അവസ്ഥ വന്നതോടെയാണ് മുഴുവൻ വാർഡുകളിലും മത്സരിക്കാൻ ഐ ഗ്രൂപ്പ് യോഗത്തിൽ ആവശ്യം ഉയർന്നിട്ടുള്ളത്. അതേ സമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതയായി പ്രൊഫ. പി.കെ. ശാന്തകുമാരി മത്സരിച്ചു വിജയിച്ച 16-ാം വാർഡിൽ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.