പുതുക്കാട്: എ - ഐ ഗ്രൂപ്പുകൾ തമ്മിൽ സമവായത്തിലെത്തിയില്ല,​ സ്ഥാനാർത്ഥി നിർണയം എങ്ങുമെത്താതെ പുതുക്കാട്ടെ കോൺഗ്രസ്. പ്രസിഡന്റ് പദവിയിൽ മാത്രം കണ്ണുനട്ട് നേതാക്കളും രംഗത്തിറങ്ങുന്നുണ്ട്. ആറാം വാർഡിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് മത്സരിക്കാനിറങ്ങുന്നത് പ്രസിഡന്റ് മോഹവുമായാണെന്നാണ് അടക്കം പറച്ചിൽ.

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ.കെ. നാരായണൻ വർഷങ്ങളോളം പ്രതിനിധീകരിച്ച വാർഡാണിത്. കെ.കെ. നാരായണന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ സി.പി.എം സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു. പരാജയത്തിന് കാരണം കോൺഗ്രസിനകത്തെ ജാതിരാഷ്ട്രീയമാണെന്നും അണിയറ സംസാരമുണ്ട്.

ആറാം വാർഡിൽ മത്സരിക്കുന്ന ബാബുരാജിനെ പരാജയപ്പെടുത്താനുള്ള അണിയറനീക്കം കോൺഗ്രസിൽ സജീവമാണെന്നും വിവരമുണ്ട്. എ ഗ്രൂപ്പിലുള്ള ഡി.സി.സി സെക്രട്ടറി സെബി കൊടിയൻ രണ്ടാം വാർഡിൽ മത്സരിക്കാൻ ഒരുങ്ങുന്നതും പ്രസിഡന്റ് പദവി ലക്ഷ്യമിട്ടു തന്നെയാണത്രെ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാളിയേങ്കരയും പഞ്ചായത്ത് പ്രസിഡന്റ് പദവി ലക്ഷ്യമിടുന്നുണ്ടത്രെ.

14-ാം വാർഡിൽ സ്ഥാനാർത്ഥിയാകാൻ ഒരുങ്ങിയ ഐ.എൻ.ടി.യു.സി പ്രവർത്തകൻ ലിൻസൻ പല്ലനെ തഴഞ്ഞ് കേരള കോൺഗ്രസ് വാർഡിൽ അവകാശവാദം ഉന്നയിച്ചതും പൊല്ലാപ്പായിട്ടുണ്ട്. 15-ാം വാർഡിൽ പ്രവർത്തനം ആരംഭിച്ച ലിൻസൺ പല്ലന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായതും പ്രവർത്തകരുടെ ആവേശം കെടുത്തുന്നുണ്ട്. അഞ്ചാം വാർഡിൽ മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൽ. ജോയി സ്വതന്ത്രനായി മത്സരിക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഭീഷണിയാണ്.

കേരള കോൺഗ്രസ് മത്സരിക്കാറുള്ള ആറാം വാർഡ് അവർക്ക് തന്നെ വേണമെന്ന് വാശി പിടിക്കുന്നതിനിടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എട്ടാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായിരുന്ന സിജി ബാബു എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഭീഷണിയാണ്.
ഒന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന സി.സി. സോമസുന്ദരനെ തഴഞ്ഞ് കോൺഗ്രസ് പാരമ്പര്യമില്ലാത്ത ഒരു പുതുമുഖത്തെ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമത്തിനു പിറകിലും ജാതി രാഷ്ട്രീയവും പ്രസിഡന്റ് പദവിയും മാത്രം ലക്ഷ്യമിട്ടാണ് അണിയറ വിവരം. ഗ്രൂപ്പ് സമവാക്യങ്ങളേക്കാൾ ജാതി രാഷ്ട്രീയമാണ് പുതുക്കാട് കോൺഗ്രസിന്റെ ശാപമെന്നാണ് അണികളുടെ പഴി.

പതിനഞ്ചാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി മുതിർന്ന പ്രവർത്തകൻ സജീവനെ പാർട്ടിക്ക് നിശ്ചയിക്കേണ്ടി വന്നു. യോഗത്തിൽ പ്രവർത്തകരുടെ എതിർപ്പു തന്നെയായിരുന്നു കാരണം. സി.പി.എമ്മിൽ പ്രദേശത്ത് ആദ്യമായാണ് ഇത്തരം പ്രവണത.

വാർഡിനെ പ്രതിനിധീകരിച്ചിരുന്നത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അമ്പിളി ശിവരാജനായിരുന്നു. രണ്ട് തവണ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമ്പിളി ശിവരാജന് ഇത്തവണ സീറ്റ് നൽകിയില്ല. പാർട്ടി നേതൃത്വം അമ്പിളിയെ ഒതുക്കിയതായാണ് ആക്ഷേപം. വനിതാ സംവരണമായ ജില്ലാ പഞ്ചായത്ത് പുതുക്കാട് ഡിവിഷനിലേക്ക് സി.പി.എം പരിഗണിച്ചത് പഞ്ചായത്ത് അംഗമായിരുന്ന സരിത രാജേഷിനെയാണ്.

പാർട്ടിയുടെ മുതിർന്ന നേതാക്കളായ ടി.എ. രാമകൃഷ്ണൻ, പി. തങ്കം ടീച്ചർ, കെ.ജെ. സിക്‌സൺ എന്നിവർ പ്രതിനിധാനം ചെയ്ത ഈ ഡിവിഷനിൽ പാർട്ടിയിൽ ജൂനിയറായ സരിതയെ സ്ഥാനാർത്ഥിയാക്കിയത് പ്രവർത്തകരിൽ ഞെട്ടലുണ്ടാക്കി. പ്രവർത്തന പരിചയമുള്ള അമ്പിളി ശിവരാജൻ ഉൾപ്പെടെയുള്ള മുതിർന്ന വനിതാ നേതാക്കളെ തഴഞ്ഞാണ് സരിതയെ സ്ഥാനാർത്ഥിയാക്കിയത്.