കൊടുങ്ങല്ലൂർ: ഹിന്ദി ചാനലായ സോണി ടി.വിയിലെ ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോയായ ഇന്ത്യാസ് ബെസ്റ്റ് ഡാൻസറിൽ ഫൈനലിസ്റ്റായി മറുനാടൻ മലയാളിയായ ശ്വേതാ വാരിയരും ഇടം പിടിച്ചു. കൊടുങ്ങല്ലൂരിൽ ജനിച്ചു മുംബയ്‌യിലെ ഡോംബിവില്ലിയിൽ താമസിക്കുന്ന ശ്വേത ഫൈനൽ റൗണ്ടിലെ അഞ്ചു പേരിലേക്കാണെത്തിയത്.
അഞ്ച് ലക്ഷത്തിലധികം നൃത്ത പ്രതിഭകളിൽ നിന്നും ഇന്ത്യയൊട്ടാകെ ചാനൽ നടത്തിയ ഓഡീഷൻ പ്രക്രിയയിൽ നിന്നു് ബെസ്റ്റ് ബാര എന്ന അവസാന പന്ത്രണ്ടു പേരിലേക്ക് ശ്വേതയെത്തിയത്.
ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി, തെക്കെ ഇന്ത്യയിൽ നിന്നുള്ള ഏക ഡാൻസർ, ഭരതനാട്യവും പാശ്ചാത്യ നൃത്ത ശൈലികളും സമാസമം ലയിപ്പിച്ചെടുത്ത സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന നൃത്ത ശൈലിയുടെ പ്രായോക്താവ് എന്നീ നിലകളിൽ നടത്തിയ സ്ഥിരതയാർന്ന പ്രകടനമാണ് ശ്വേതയെ ഫൈനലിസ്റ്റാക്കിയത്. ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക പെൺകുട്ടിയും ശ്വേതയാണ്. അമ്മ അംബിക വാരസ്യാരിൽ നിന്നും ഭരതനാട്യം അഭ്യസിക്കാൻ തുടങ്ങിയ ശ്വേത പിന്നീട് വിവിധ ഇന്ത്യൻ ക്‌ളാസിക്ക് നൃത്ത ശാഖകളിലും ഫോക്, വെസ്റ്റേൺ നൃത്തങ്ങളിലും പ്രാവീണ്യം നേടി. കൊടുങ്ങല്ലൂർ സ്വദേശിയായ സി.ജി ചന്ദ്രശേഖരന്റെയും വൈക്കം സ്വദേശിയായ അംബിക വാരസ്യാരുടെയും മകളാണ് ശ്വേത.