ചാവക്കാട്: മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ വനിതയും. ചാവക്കാട് നഗരസഭാ എട്ടാം വാർഡിൽ മത്സരിക്കുന്ന ബേബി ഫ്രാൻസിസിനെതിരെ സ്വാത്രന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ ഷോബി ഫ്രാൻസിസ് അറിയിച്ചു.
ഗ്രൂപ്പ് വീതം വയ്പിൽ സ്ഥിരമായി ഐ ഗ്രൂപ്പിന് നൽകുന്ന സീറ്റിൽ എ വിഭാഗത്തിൽ പെട്ട ഷോബി ഫ്രാൻസിസ് അവകാശ വാദം ഉന്നയിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ഐ വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നത്. എന്നാൽ നേരത്തെ കൗൺസിലറായിരുന്ന ബേബി ഫ്രാൻസിസിന് എതിരെയാണ് വാർഡിലെ ജനങ്ങളുടെ മനസ് എന്നും ഷോബി പറഞ്ഞു.
ചാവക്കാട് നഗരസഭയിലെ കോൺഗ്രസിന് ഉറപ്പുള്ള വാർഡുകളിൽ ഒന്നായ മമ്മിയൂർ വാർഡിൽ എല്ലാ തിരഞ്ഞെടുപ്പിലും ഒരു വിഭാഗം കലാപക്കൊടി ഉയർത്തുക പതിവാണ്. കലാപക്കൊടി ഉയർത്തുന്നവരെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയാണ് പ്രശ്‌നം പരിഹരിക്കാറ്.