തൃശൂർ: പാർട്ടി അവഗണനയിലും സീറ്റ് നിഷേധത്തിലും പ്രതിഷേധിച്ച് കോർപറേഷൻ സിറ്റിംഗ് കൗൺസിലർ ഐ. ലളിതാംബിക രാജിവെച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ് ലളിതാംബിക. കോൺഗ്രസ് കൈവശം വെച്ചിരുന്ന കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ലളിതാംബിക ഡിവിഷനിൽ മികച്ച പ്രവർത്തനമായിരുന്നു നടത്തിയിരുന്നത്.
കഴിഞ്ഞ നിയമസഭാ - ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഡിവിഷൻ മേഖലകളിൽ വോട്ട് വർദ്ധനവിനും ലളിതാംബികയുടെ പ്രവർത്തനം കാരണമായെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ലളിതാംബികയ്ക്ക് സീറ്റ് നൽകിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജി. സംസ്ഥാന പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് എന്നിവർക്കെല്ലാം രാജിക്കത്ത് അയച്ചു. രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിക്കുമെന്നും ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ പറഞ്ഞു.
സ്ഥാനാർത്ഥി തർക്കം: ഏഴ് ലോക്കൽ കമ്മിറ്റി
അംഗങ്ങളെ സി.പി.ഐ പുറത്താക്കി
തൃശൂർ: സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരണം നടത്തുകയും ചെയ്തതിന് ഒല്ലൂക്കര കമ്മിറ്റിയംഗങ്ങളായ ഏഴ് പേരെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി കെ.ബി സുമേഷ് അറിയിച്ചു. കെ. ചന്ദ്രമോഹൻ, കെ.വി സുരേഷ്, മധു, സൈമൺ, ശശി നെട്ടിശേരി, കെ.വി ചന്ദ്രമോഹൻ എന്നിവരെയാണ് പുറത്താക്കിയത്. കോർപറേഷൻ കൃഷ്ണാപുരം ഡിവിഷനിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കുകയും സാമൂഹിക മാദ്ധ്യമങ്ങൾ വഴി അനാവശ്യ വിവാദം ഉണ്ടാക്കുകയും ചെയ്തതിനാണ് നടപടി.
തിരഞ്ഞെടുപ്പ് പ്രവർത്തനം ഊർജ്ജിതമായിരിക്കെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയത്. താക്കീത് നൽകിയെങ്കിലും തെറ്റ് തിരുത്താൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പുറത്താക്കാനുള്ള നടപടി.