കയ്പമംഗലം: കയ്പമംഗലം പഞ്ചായത്തിൽ മൂന്നു മുന്നണികൾക്ക് വെല്ലുവിളിയായി മുൻ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനാർത്ഥിയാക്കി ട്വന്റി ട്വന്റി മാതൃകയിൽ ജനകീയ മുന്നണിയും മത്സരരംഗത്ത്. മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം അംഗവുമായിരുന്ന ടി.എസ് ബേബിയാണ് ജനകീയമുന്നണി സ്ഥാനാർത്ഥിയായി 16ാം വാർഡിൽ മത്സരിക്കുക. സി.പി.എമ്മിൽ നിന്ന് നേരത്തെ മാറി നിൽക്കുന്ന നിലവിലെ മെമ്പർമാരും മുൻ ബ്രാഞ്ച് സെക്രട്ടറിയുമടക്കം ജനകീയമുന്നണിയിൽ മത്സരിച്ചേക്കും. കൂടാതെ ഇരു മുന്നണിയിലുമുള്ള ജനതാദൾ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജനകീയ മുന്നണിയിൽ മത്സരിച്ചേക്കുമെന്ന സൂചനയുണ്ട്.

എൽ.ഡി.എഫും, എൻ.ഡി.എയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ഒരു വാർഡിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യു.ഡി.എഫ് 20 വാർഡുകളിൽ 16 സീറ്റ് കോൺഗ്രസിനും, നാല് സീറ്റ് മുസ്ലീം ലീഗിനും നൽകാൻ തീരുമാനമായി. 19 വാർഡുകളിൽ സ്ഥാനാർത്ഥികളായെങ്കിലും തർക്കത്തിലായ ആറാം വാർഡിലെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് ജില്ലാ കമ്മിറ്റിക്ക് വിട്ടു.
മുൻ പഞ്ചായത്തു പ്രസിഡന്റുമാരായ പി.എ മുഹമ്മദാലി 10ാം വാർഡിലും, ബീന സുരേന്ദ്രൻ 12ാം വാർഡിലും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കും. ആറാം വാർഡിലേക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവായ സുരേഷ് കൊച്ചുവീട്ടിലും, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ പോൾസനുമാണ് മത്സരിക്കുന്നത്. കോൺഗ്രസിന്റെ കുത്തകയായിരുന്ന ആറാം വാർഡ് നിലവിൽ ബി.ജെ.പിയാണ് ഭരിക്കുന്നത്. ഇതു തിരിച്ചു പിടിക്കാനായിരുന്നു കോൺഗ്രസ് ശ്രമം. സുരേഷ് കൊച്ചുവീട്ടിൽ 6 ാം വാർഡിൽ മത്സരിക്കുന്നതിനായി പാർട്ടിയുടെ മൗനാനുവാദത്തോടെ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു. പിന്നീട് ഗ്രൂപ്പ് സമവാക്യം വന്നപ്പോൾ സി.ജെ പോൾസന്റെ പേരും ഉയർന്നു വന്നത്. ബി.ജെ.പി സ്ഥാനാർത്ഥി എം.സി രാജനാണ് വാർഡ് നിലനിറുത്താനായി മത്സരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.ഐയിലെ വി.വി വിപിനും മത്സരിക്കും.