തൃശൂർ: പത്രിക സമർപ്പിക്കാനുള്ള ദിവസത്തിനു മൂന്നു ദിവസം മാത്രം അവശേഷിക്കേ പൂർണ ലിസ്റ്റ് പ്രഖ്യാപിക്കാൻ കഴിയാതെ വട്ടം കറങ്ങി കോൺഗ്രസും ബി.ജെ.പിയും. എൽ.ഡി.എഫ് മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചെങ്കിലും സി.പി.ഐയിൽ ഉണ്ടായ പൊട്ടിത്തെറി തലവേദന ഉണ്ടാക്കുകയാണ്. സി.പി.എമ്മിൽ പരസ്യമായ അഭിപ്രായപ്രകടനങ്ങൾ ഇല്ലെങ്കിലും നിലവിലെ കൗൺസിലിലെ ഭൂരിഭാഗം പേർക്കും സീറ്റ് നിഷേധിച്ചത് അസ്വസ്ഥത പുലർത്തുന്നുണ്ട്.
കോൺഗ്രസിൽ നീറി പുകയുന്നു
കോർപ്പറേഷനിലെ കോൺഗ്രസ് സീറ്റുതർക്കം രൂക്ഷമായി. എ ഗ്രൂപ്പ് സ്ഥാനാർഥികൾ മൽസരിക്കുന്ന കിഴക്കുംപാട്ടുകര, ഗാന്ധിനഗർ, നെട്ടിശേരി ഡിവിഷനുകളിലാണ് തർക്കം രൂക്ഷമായത്. ഗാന്ധി നഗറിൽ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിേയലും കിഴക്കുംപാട്ടുകരയിൽ മുൻ മേയർ രാജൻ പല്ലനും നെട്ടിശേരിയിൽ മുൻ കൗൺസിലർ എം.കെ.വർഗീസിനെയുമെന്ന നിലയിൽ നേരത്തെ ഗ്രൂപ്പ് തലത്തിൽ ധാരണയായിരുന്നു. എന്നാൽ കിഴക്കുംപാട്ടുകരയിൽ മുൻ കൗൺസിലർ ബൈജുവർഗീസിന്റെ പേര് കൂടി ഉയർന്നതാണ് തർക്കത്തിനിടയാക്കിയത്. ഇതിന് പിന്നാലെ കിഴക്കുംപാട്ടുകരയിൽ മറ്റ് ചില പേരുകൾ കൂടി ഉയർന്നിട്ടുണ്ട്. നെട്ടിശേരിയിൽ എം.കെ.വർഗീസിനെതിരെ മഹല്ല് കമ്മിറ്റികളുടെ പരാതിയാണ് ലഭിച്ചത്. തർക്കം രാത്രിയിലും പരിഹരിക്കാനാവാതെ വന്നതോടെ പ്രശ്നം കെ.പി.സി.സിക്ക് വിടാൻ നേതാക്കൾ തീരുമാനിച്ചു.
തർക്കം പരിഹരിക്കാൻ നെട്ടോട്ടം
നിലവിലെ ബി.ജെ.പി കൗൺസിലർമാരിൽ എം.എസ് സമ്പൂർണ മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞു പിൻവാങ്ങിയപ്പോൾ ബാക്കിയുള്ള അഞ്ചു പേരിൽ നാലു പേർക്കും സീറ്റ് നൽകിയത് ആണ് പ്രശ്നങ്ങൾക്ക് വഴി വെച്ചത്. കുട്ടൻകുളങ്ങര ഡിവിഷൻ കൗൺസിലർ ആയിരുന്ന ജെ. ലളിതാംബികക്ക് സീറ്റ് നൽകിയിരുന്നില്ല. ഇവിടെ സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്റെ പേര് ഉയർന്നു വന്നത്തോടെയാണ് പ്രശ്നം ഉടലെടുത്തത്. തന്നെ പാർട്ടി അവഗണിച്ചെന്നു പറഞ്ഞു രാജിക്കത്ത് നൽകിയിരിക്കുകയാണ് അവർ. കുട്ടൻകുളങ്ങരയിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കുട്ടൻകുളങ്ങര ഇത്തവണ ജനറൽ സീറ്റ് ആണ്. ഇവിടെ ഗോപാലകൃഷ്ണനെ മേയർ സ്ഥാനാർഥിയായി മത്സരിപ്പിക്കാം എന്നാണ് പാർട്ടി ആലോചിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ആദ്യമായി കുട്ടൻകുളങ്ങര ബി.ജെ.പി നേടിയത്.
പുറത്താക്കി പരിഹാരം തേടി സി.പി.ഐ
കൃഷ്ണപുരം സീറ്റിൽ പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് അവഗണിച്ചു മുൻ ഡെപ്യൂട്ടി മേയർ ബീന മുരളിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചു ഒരു വിഭാഗം രംഗത്ത് എത്തിയത് സി.പി.ഐക്ക് തലവേദനയായി. പ്രാദേശിക കമ്മിറ്റി മറ്റൊരാളുടെ പേരാണ് മേൽഘടകത്തിലേക്ക് വിട്ടത്. ഇത് വെട്ടിയാണ് ബീനയെ സ്ഥാനാർത്ഥിയാക്കിയതെന്നു ഇവർ പറയുന്നു. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന ആറു പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാണ് സി.പി.ഐ ബീനയുടെ സ്ഥാനാർഥിത്വം ഉറപ്പിച്ചത്. ചന്ദ്രമോഹൻ, കെ. വി. സുരേഷ്, മധു, സൈമെൻ, ശശി തുടങ്ങിയവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.