സ്ഥാനാർത്ഥി എന്ന് പറയാൻ മാത്രമുളള ഉച്ചാരണശുദ്ധിയൊന്നും ഇല്ലാത്ത വിദ്യാസമ്പന്നരല്ലാത്ത പാവങ്ങളേയും ഈ തിരഞ്ഞെടുപ്പ് കാലത്ത് പരിഗണിക്കണം. 'സ്ഥാനാർത്തി' എന്നേ അവർക്ക് നാവിൽ വരൂ. എന്നുവെച്ചാൽ സ്ഥാനത്തിന് ആർത്തിയുള്ളയാൾ. അധികാരത്തിനും സ്ഥാനത്തിനും ആർത്തിയില്ലാത്തവർ എന്ന് ആരെങ്കിലും ആരെയെങ്കിലും കുറിച്ച് പറയുന്നുണ്ടെങ്കിൽ അതുകേട്ട് കാക്കകൾ കൂട്ടത്തോടെ മലർന്നുപറക്കും, പ്രത്യേകിച്ച് ഈ തിരഞ്ഞെടുപ്പ് കാലത്ത്.
ആർത്തി മൂത്താൽ സ്ഥാനത്തിന് വേണ്ടി ആരും പൊട്ടിത്തെറിക്കരുത്. അത് മുന്നണിയ്ക്ക് ദോഷം ചെയ്യും. അടിപ്പണികൾ പണിതാൽ എല്ലാവരും കൂട്ടത്തോടെ തോൽക്കും. അതുകൊണ്ട് തലമൂത്തുനരച്ച നേതാക്കളെ രംഗത്തിറക്കി സോൾവ് ചെയ്യുക. അവർ പറഞ്ഞത് എല്ലാവരും ശിരസാവഹിക്കുക. അടുത്ത തിരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്ന അവരുടെ വാക്ക് വിശ്വസിച്ച് അച്ചടക്കമുളള പ്രവർത്തകനായി വെയിലത്തിറങ്ങി പോസ്റ്റർ ഒട്ടിച്ച് പ്രചാരണം നടത്തുക. അതാണ് പുതിയകാല രാഷ്ട്രീയരീതി. കൊവിഡിന്റെ കാര്യത്തിൽ എല്ലാവരും നെഗറ്റീവ് ആകുന്നതാണ് ശരിയെങ്കിൽ സ്ഥാനാർത്ഥി നിർണയത്തിൽ എല്ലാവരും പോസിറ്റീവ് ആകുക എന്നതാണ് വലിയ ശരി. ഇതൊക്കെ പറഞ്ഞു വന്നത് കോൺഗ്രസിലെ ഗ്രൂപ്പുപോരിൻ്റെ പശ്ചാത്തലത്തിലല്ല. അങ്ങനെയൊരു സംഭവം തന്നെ ഇപ്പോഴില്ല. പക്ഷേ, ഗ്രൂപ്പിനുള്ളിൽ ചില അസ്വാരസ്യങ്ങളും അസ്വസ്ഥതകളും ഉണ്ട് എന്നേ പറയാവൂ. അതാണ് പോസിറ്റീവ് ആറ്റിറ്റ്യൂഡ്. ആ സ്വസ്ഥതകളില്ലായ്മ തീർക്കാൻ കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി തൃശൂരിലെത്തി. 'താർക്കികരെ'യെല്ലാം ആശ്വസിപ്പിച്ച് മടങ്ങി. ഗ്രൂപ്പ് നേതാക്കളെ പ്രശ്നപരിഹാരത്തിന് ചട്ടം കെട്ടി. പക്ഷേ, ചട്ടങ്ങളെല്ലാം പൊട്ടി. എ ഗ്രൂപ്പ് സ്ഥാനാർത്ഥികൾ മത്‌സരിക്കുന്ന തൃശൂർ കോർപറേഷനിലെ കിഴക്കുംപാട്ടുകര, ഗാന്ധിനഗർ, നെട്ടിശേരി ഡിവിഷനുകളിൽ വീണ്ടും കൈവിട്ട കളിയായി. മൂന്ന് ഡിവിഷനുകളിൽ നാലുപേർ സ്ഥാനം അർത്ഥിച്ചാലോ, അല്ലെങ്കിൽ ആഗ്രഹിച്ചാലോ? മേയർ സ്ഥാനാർത്ഥി അടക്കമുളളവർ കണ്ണുവെച്ച് തീരുമാനമായ ഡിവിഷനിലാണ് ഈ ബി പോസിറ്റീവ് കളികൾ.
കിഴക്കുംപാട്ടുകരയിൽ മറ്റ് ചില പേരുകൾ കൂടി ഉയർന്നതോടെ പോസിറ്റിവിറ്റി നിരക്ക് കൂടി. ചില സ്ഥാനാർത്ഥികൾക്കെതിരെ മഹല്ല് കമ്മിറ്റികളുടെ പരാതിയും ലഭിച്ചു. രാത്രിയിലും പകലും സ്ഥാനാർത്ഥി മോഹവ്യാപനം തുടർന്നു. അങ്ങനെ ഒടുവിൽ, പ്രശ്‌ന പരിഹാരത്തിന് കെ.പി.സി.സിക്ക് വിടാൻ നേതാക്കൾ തന്നെ തീരുമാനിച്ചു. ചിലർ ഗ്രൂപ്പ് മാറിക്കളിക്കുന്നുവെന്ന് 'ആന്റിജൻ ടെസ്റ്റി'ൽ തെളിഞ്ഞതോടെ മൂന്ന് 'ഡിവിഷനും കണ്ടെയ്ൻമെന്റ് ' സോണായി.
തൈലാദിവസ്തുക്കൾ അശുദ്ധമായാൽ
പൗലോസ് തൊട്ടാലവ ശുദ്ധമാവും
സാമുദായികനേതാക്കളും പുരോഹിതരും അനുഗ്രഹിച്ചാൽ ആർക്കാണ് ദോഷം വരിക? ദൈവസന്നിധിയിലുളളവരാണവർ. വിശ്വാസമാണ് എല്ലാവരേയും നയിക്കുന്നത്. വിശ്വാസികളാണ് പ്രധാനം. പിന്നെ മതേതരത്വവും വൈരുദ്ധ്യങ്ങളിൽ അധിഷ്ഠിതമായ ഭൗതികവാദവുമെല്ലാം പ്രസംഗിക്കാനുളളതാണ്. പ്രസംഗവും പ്രവൃത്തിയും രണ്ടായാൽ ഒന്നുമില്ല. കാര്യം നടന്നാൽ പോരേ.
ഇടതൻ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത് തൃശൂർ അതിരൂപതയ്ക്ക് കീഴിലുളള ഇടവക വികാരിയാണെന്ന് പറഞ്ഞ് ആരും നെറ്റിചുളിക്കേണ്ട, പരിഹസിക്കേണ്ട. അതും ഒരു മതസൗഹാർദ്ദത്തിന്റെ പോസിറ്റീവ് വഴിയാണ്. ഇതെല്ലാം അറിഞ്ഞിട്ടും, തൈലാദിവസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാലവ ശുദ്ധമാവും എന്ന ഈരടിയും പാടി നടക്കുകയാണത്രേ ചിലർ.
കൊവിഡ് വ്യാപനകാലത്തിന്റെ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് വോട്ടു തേടാനുള്ള പുത്തൻ മാർഗങ്ങളും രീതികളും നടപ്പാക്കാനുളള തത്രപ്പാടിൽ അങ്ങനെ പലതും സ്വാഭാവികം. മാരത്തോൺ ചർച്ചകൾക്ക് ശേഷം സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും വലിയ പ്രശ്നങ്ങളില്ലാതെ പരിഹരിക്കാനാവുന്നത് ഇങ്ങനെയുളള കുറേ അനുഗ്രഹങ്ങൾക്കൊണ്ടാണ്. ഇനി ഇതൊന്നും പറഞ്ഞ് നടന്നിട്ട് കാര്യമില്ല.
ത്രികോണമത്സരം നടക്കുന്ന നിരവധി ഡിവിഷനുകളുള്ള കോർപറേഷൻ പരിധി ജില്ലയിലെ ചൂടൻ മത്സരരംഗമായി മാറിയിരിക്കുന്നു. ജയം ആർക്കൊപ്പമെന്ന് ഉറപ്പിച്ച് പറയാനുള്ള ഡിവിഷനുകൾ വളരെ കുറവ്. എണ്ണയിട്ട യന്ത്രം പോലെ പാർട്ടി സംവിധാനങ്ങളും സജീവം. വിജയസാദ്ധ്യതയുള്ള ജില്ലാ നേതാക്കളെ അണിനിരത്തിയും പ്രമുഖ നേതാക്കളെ ഇറക്കിയും രംഗം കൊഴുപ്പിച്ചു കഴിഞ്ഞു.
സിറ്റിംഗ് കൗൺസിലർക്ക് സീറ്റില്ലെങ്കിൽ
കോർപറേഷൻ സിറ്റിംഗ് കൗൺസിലർക്ക് സീറ്റില്ലെങ്കിൽ എന്തു ചെയ്യും? പാർട്ടി അവഗണനയിലും സീറ്റ് നിഷേധത്തിലും പ്രതിഷേധിച്ച് രാജിവെയ്ക്കുക അത്രമാത്രം. കോൺഗ്രസ് കൈവശം വെച്ചിരുന്ന, തൃശൂർ കോർപറേഷനിലെ കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ബി.ജെ.പി കൗൺസിലർ അതാണ് ചെയ്തത്. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണവർ. കഴിഞ്ഞ നിയമസഭാ-ലോകസഭാ തിരഞ്ഞെടുപ്പുകളിൽ ഡിവിഷൻ മേഖലകളിൽ വോട്ട് വർദ്ധനവിനും ലളിതാംബികയുടെ പ്രവർത്തനം കാരണമായെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. എന്നിട്ടും സീറ്റ് നിഷേധിച്ച് എന്തിന് എന്ന ചോദ്യത്തിന്, രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെകിൽ ചർച്ച ചെയ്തു പരിഹരിക്കുമെന്നുമായിരുന്നു ജില്ലാ നേതൃത്വത്തിന്റെ കമന്റ്. അതെ, ചിലരുടെ ശരിയാവും ചിലരുടെ ശരിയാവില്ല. അത് തിരഞ്ഞെടുപ്പായാലും ജീവിതമായാലും എല്ലാം അങ്ങനെത്തന്നെ.