flag

തൃശൂര്‍: സ്ഥാനാർത്ഥി നിർണ്ണയ തർക്കങ്ങളും പ്രാദേശിക പ്രതിഷേധങ്ങളും ഘടകകക്ഷികളിലെ പ്രശ്നങ്ങളും മുന്നണികളെ വട്ടംകറക്കുന്നുണ്ടെങ്കിലും സ്ഥാനാർത്ഥികൾ കൂട്ടത്തോടെ പ്രചാരണവഴിയിൽ സജീവം. അതേസമയം, പ്രചാരണം കൊഴുപ്പിക്കാൻ, തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദ്ദേശം അറിഞ്ഞും അറിയാതെയും ലംഘിക്കുന്ന കാഴ്ചകളും നിരവധി.

അധികൃതരുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ വൈദ്യുതി പോസ്റ്റുകളിലോ മൊബൈൽ ടവറുകളിലോ ടെലിഫോൺ പോസ്റ്റുകളിലോ തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നത് പലയിടത്തും കാണാം.

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പേ വൈദ്യുതി പോസ്റ്റുകളും മറ്റും പ്രചാരണ പോസ്റ്ററുകളാൽ നിറഞ്ഞു. വാഹന യാത്രികർക്കും കാൽനടയാത്രികർക്കും പൊതുജനങ്ങൾക്കും മാർഗ തടസം സൃഷ്ടിക്കുന്ന രീതിയിൽ പരസ്യം സ്ഥാപിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്. എന്നാൽ ഇതും പലയിടങ്ങളിലും ലംഘിക്കുന്നു. നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകൾക്ക് കുറുകെ ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലും മറ്റേതെങ്കിലും പൊതു സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് ശല്യമോ അപകടമോ ഉണ്ടാകുന്ന രീതിയിലും പ്രചാരണ സാമഗ്രികൾ പ്രദർശിപ്പിക്കുവാൻ പാടില്ല. എന്നാൽ ഈ നിർദ്ദേശങ്ങളും ചിലയിടങ്ങളിൽ ലംഘിക്കപ്പെടുന്നുണ്ട്.

നിർദ്ദേശം

''തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരസ്യം പ്രദർശിപ്പിക്കുമ്പോൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം കർശനമായി പാലിക്കണം.

എസ്. ഷാനവാസ്,

കളക്ടർ

നടപടി എടുക്കാൻ

മോണിറ്ററിംഗ് സെൽ

സംശയം പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് സെല്ലുകൾ രൂപീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവായിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറാണ് മോണിട്ടറിംഗ് സെല്ലിന്റെ ചെയർപേഴ്‌സൺ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറും ജില്ലാ പൊലീസ് മേധാവി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ അംഗങ്ങളുമാണ്. സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള സംശയം പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിൽ ഉടൻ പരിഹാരം കാണുന്നതിനും മോണിറ്ററിംഗ് സെൽ നടപടി സ്വീകരിക്കും. കമ്മിഷന്റെ ഇടപെടൽ ആവശ്യമുള്ള വിഷയങ്ങൾ റിപ്പോർട്ട് സഹിതം കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തണം. രണ്ട് ദിവസത്തിൽ ഒരിക്കൽ സെൽ യോഗം ചേരും.