ljd

തൃശൂർ: തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നിലവിലുള്ളതിനേക്കാൾ ശക്തമായ നിലയിലെത്തുമെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ്‌ യൂജിൻ മൊറേലി പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പ്രവർത്തനം സാധാരണക്കാരിലെത്തുന്നുണ്ട്.

അത് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കും. പെൻഷൻ, കൊവിഡ് കാലത്തെ കിറ്റ് വിതരണം, മറ്റു സാമ്പത്തിക സഹായം എന്നിവ കൃത്യമായ സമയങ്ങളിൽ ജനങ്ങളിലെത്തിക്കാൻ സർക്കാരിനായി. സംസ്ഥാന സർക്കാരിനെതിരെ ഉയർത്തിക്കൊണ്ടു വന്ന ആരോപണം ബി.ജെ.പി - കോൺഗ്രസ്‌ ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തിൽ സി.ബി.ഐ വേണമെന്ന് പറയുകയും മറ്റിടങ്ങളിൽ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ്‌ സമീപനം ഇരട്ടത്താപ്പാണ്.

എൽ.ഡി.എഫിലെ ഒറ്റ നേതാക്കളും ആരോപണ വിധേയരല്ല. എന്നാൽ യു.ഡി. എഫ് എം.എൽ.എമാരായ കമറുദ്ധീൻ, ഷാജി എന്നിവരെല്ലാം തന്നെ അന്വേഷണം നേരിടുന്നവരാണ്. ഏതാനും ചില ഉദ്യോഗസ്ഥർ നടത്തിയ വീഴ്ചകൾ സർക്കാരിലും നേതാക്കളിലും കെട്ടിവയ്ക്കാനുള്ള ശ്രമം വിലപ്പോകില്ല. രാഷ്ട്രീയത്തിലേക്ക് പുതുതലമുറ അധികം കടന്നു വരാത്തതിന്റെ ഉത്തരവാദി കോൺഗ്രസാണ്.

രാഷ്ട്രീയത്തെ തൊഴിലായി കണ്ട് അഴിമതി നടത്തുകയാണ് ചെയ്യുന്നത്. എൽ.ജെ.ഡിയെ സംബന്ധിച്ച് ഭൂരിഭാഗം സ്ഥലങ്ങളിലും അർഹമായ പരിഗണന നൽകുന്നുണ്ട്. പ്രത്യേകിച്ച് എൽ.ഡി.എഫിന്റെ ജില്ലാ നേതൃത്വം. എൽ. ജെ. ഡിയുടെ സ്ഥാനാർത്ഥി നിർണയം അവസാനഘട്ടത്തിലാണ്. സീറ്റുകളിൽ 50 ശതമാനം യുവാക്കൾക്ക് പാർട്ടി നീക്കി വെച്ചിട്ടുണ്ട്. അതോടൊപ്പം വിദ്യസമ്പന്നരെയാണ് സ്ഥാനാർത്ഥികളാക്കുന്നത്. പാർട്ടിയും എൽ.ഡി.എഫും മറ്റു മുന്നണികളെ നിഷ്‌പ്രഭരാക്കുന്ന പ്രകടനമാകും നടത്തുക.