തൃശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള ദിവസത്തിന് മൂന്നു ദിവസം മാത്രം അവശേഷിക്കേ പൂർണ ലിസ്റ്റ് പ്രഖ്യാപിക്കാൻ കഴിയാതെ വട്ടം കറങ്ങി കോൺഗ്രസും ബി.ജെ.പിയും. മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച എൽ.ഡി.എഫിന് പക്ഷേ, സി.പി.ഐയിലുണ്ടായ പൊട്ടിത്തെറി തലവേദന ഉണ്ടാക്കുന്നു. നിലവിലെ കൗൺസിലിലെ ഭൂരിഭാഗം പേർക്കും സീറ്റ് നിഷേധിച്ചത് അസ്വസ്ഥത പുലർത്തുന്നുണ്ട്. കോൺഗ്രസിൽ ഇന്നലെ വൈകിട്ട് നടന്ന ചർച്ചയിൽ സ്ഥാനാർത്ഥിക്കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനിടെ ബി.ജെ.പിയിൽ മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കുട്ടൻകുളങ്ങരയിലെ കൗൺസിലർ രംഗത്തെത്തിയതും ബി.ജെ.പിക്ക് തലവേദനയാകുന്നുണ്ട്.
ഗ്രൂപ്പ് തർക്കത്തിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ്
കോൺഗ്രസിൽ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കമാണ് കോൺഗ്രസിന് തലവേദന ഉണ്ടാക്കിയത്. ഏഴ് സീറ്റുകളിലാണ് പ്രധാനമായും തർക്കമുള്ളത്. അതിനിടെ എ ഗ്രൂപ്പ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന കിഴക്കുംപാട്ടുകര, ഗാന്ധിനഗർ, നെട്ടിശേരി ഡിവിഷനുകളിലാണ് കൂടുതൽ തർക്കം. ഗാന്ധി നഗറിൽ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേലും കിഴക്കുംപാട്ടുകരയിൽ മുൻ മേയർ രാജൻ പല്ലനും നെട്ടിശേരിയിൽ മുൻ കൗൺസിലർ എം.കെ വർഗീസിനെയുമെന്ന നിലയിൽ നേരത്തെ ഗ്രൂപ്പ് തലത്തിൽ ധാരണയായിരുന്നു. എന്നാൽ കിഴക്കുംപാട്ടുകരയിൽ മുൻ കൗൺസിലർ ബൈജു വർഗീസിന്റെ പേര് കൂടി ഉയർന്നതാണ് തർക്കത്തിനിടയാക്കിയത്.
ഇതിന് പിന്നാലെ കിഴക്കുംപാട്ടുകരയിൽ മറ്റ് ചില പേരുകൾ കൂടി ഉയർന്നു. നെട്ടിശേരിയിൽ എം.കെ വർഗീസിനെതിരെ മഹല്ല് കമ്മിറ്റികളുടെ പരാതിയാണ് ലഭിച്ചത്. ഉമ്മൻചാണ്ടിയെത്തിയിട്ട് പോലും തർക്കം പരിഹരിക്കാനായില്ല.
അനിശ്ചിതത്വം മാറാതെ ബി.ജെ.പി
38 സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ചെങ്കിലും ബാക്കിയുള്ളവരെ പ്രഖ്യാപിക്കുന്നതിൽ ഉണ്ടായ അനിശ്ചിതത്വം ഇതുവരെയും മാറിയിട്ടില്ല. നിലവിലെ ബി.ജെ.പി കൗൺസിലർമാരിൽ എം.എസ് സമ്പൂർണ മത്സരിക്കാനില്ലെന്ന് പറഞ്ഞ് പിൻവാങ്ങിയപ്പോൾ ബാക്കിയുള്ള അഞ്ചു പേരിൽ നാലു പേർക്കും സീറ്റ് നൽകിയതാണ് പ്രശ്നങ്ങൾക്ക് വഴി വെച്ചത്. കുട്ടൻകുളങ്ങര ഡിവിഷൻ കൗൺസിലറായിരുന്ന ജെ. ലളിതാംബികയ്ക്ക് സീറ്റ് നൽകിയിരുന്നില്ല. ഇവിടെ സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്റെ പേര് ഉയർന്നതോടെയാണ് പ്രശ്നം ഉടലെടുത്തത്. പാർട്ടി അവഗണിച്ചെന്ന് പറഞ്ഞ് രാജിക്കത്ത് നൽകി, കുട്ടൻകുളങ്ങരയിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മറ്റിടങ്ങളിലും തർക്കം നിലനിൽക്കുന്നുണ്ട്.
വിമതർ സി.പി.ഐക്ക് തലവേദനയാകും
വിമത സ്വരം ഉയർത്തിയവരെ പുറത്താക്കി പ്രശ്നം പരിഹരിക്കാമെന്ന് കരുതിയ സി.പി.ഐക്ക് നടപടി കൂടുതൽ കുരുക്കാകുകയാണ്. പുറത്താക്കിയവർക്ക് പിന്തുണയുമായി അടുത്ത ദിവസം കൂടുതൽ പേർ രംഗത്ത് വരുമെന്നാണ് വിമതർ നൽകുന്ന സൂചനകൾ. കൃഷ്ണപുരം സീറ്റിൽ പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് അവഗണിച്ച് മുൻ ഡെപ്യൂട്ടി മേയർ ബീന മുരളിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. പ്രാദേശിക കമ്മിറ്റി മറ്റൊരാളുടെ പേരാണ് മേൽഘടകത്തിലേക്ക് വിട്ടത്. ഇത് വെട്ടിയാണ് ബീനയെ സ്ഥാനാർത്ഥിയാക്കിയതെന്ന് പറയുന്നു.