തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ മുഖമണ്ഡപത്തിൽ മാണി വാസുദേവ ചാക്യാർ അംഗുലീയാങ്കം കൂത്ത് അവതരിപ്പിക്കുന്നു
തൃപ്രയാർ: മണ്ഡല മാസാചരണത്തോട് അനുബന്ധിച്ച് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അംഗുലീയാങ്കം കൂത്തിന് തുടക്കമായി. തിങ്കളാഴ്ച ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന സമയത്താണ് സ്ഥാനികളായ മാണി കുടുംബത്തിലെ അംഗമായ മാണി വാസുദേവചാക്യാർ കൂത്ത് പുറപ്പാട് നടത്തിയത്. സംസ്‌കൃത കവിയായ ശക്തി ഭദ്രന്റെ ആശ്ചര്യചൂഡാമണി നാടകത്തിലെ ആറാമങ്കമാണ് അംഗുലീയാങ്കം. ക്ഷേത്ര കഴകക്കാരായ ഷാരടിയും നമ്പ്യാരും യവനിക പിടിച്ചു. പുറപ്പാട് സമയത്ത് കതിനാവെടികൾ മുഴങ്ങി. തുടർന്ന് കുത്തുവിളക്കിന്റെ അകമ്പടിയോടെ ചാക്യാർ സോപാനപ്പടിയിൽ കയറി മണിനാദം മുഴക്കി. ഭഗവാനെ വണങ്ങിയശേഷം മേൽശാന്തി ചെറുമുക്ക് മനക്കൽ മാധവൻ നമ്പൂതിരിയിൽ നിന്ന് തീർത്ഥവും പ്രസാദവും സ്വീകരിച്ചു. ഈ വർഷം ദേവസ്വത്തിന്റെതുൾപ്പെടെ 21 കൂത്തുകളാണ് നടത്തുന്നത്. 12 ദിവസങ്ങൾ കൊണ്ട് പൂർത്തിയാവുന്ന കഥാഭാഗം സമാപന ദിവസം രാത്രിയിൽ നടക്കുന്ന രക്ഷോവധം ഭാഗത്തോടെയാണ് സമാപിക്കുക. കൂത്തുപുറപ്പാടിന് എടനാട് രാമചന്ദ്രൻ നമ്പ്യാർ (മിഴാവ്), സരോജിനി നങ്ങ്യാർ (താളം) എന്നിവർ പങ്കാളികളായി.