തൃശൂർ: ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു ഉൾപ്പെടെ സംസ്ഥാന നേതാക്കളെ ഇറക്കി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രകടനം മെച്ചപ്പെടുത്താൻ ബി.ജെ.പി.
വാഴാനി ഡിവിഷനിൽ നിന്നാണ് റിഷി പൽപ്പു മത്സരിക്കുന്നത്. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യവും, സർക്കാർ വിരുദ്ധ വികാരവും പ്രയോജനപ്പെടുത്തി മത്സരം കടുപ്പിച്ച് നേട്ടം കൊയ്യാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി തദ്ദേശ തിരഞ്ഞെടുപ്പിനെ കാണണമെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ നടന്ന ജില്ലാ നേതൃയോഗത്തിലാണ് സംസ്ഥാന നേതാക്കളെ രംഗത്തിറക്കാൻ തീരുമാനമായത്.
തെക്കുംകര, മാടക്കത്തറ പഞ്ചായത്തുകളും മുളങ്കുന്നത്ത് കാവ് പഞ്ചായത്ത് ഭാഗികമായും ഉൾപ്പെടുന്നതാണ് വാഴാനി ഡിവിഷൻ. ഓൺലൈൻ പാഠ്യപദ്ധതിയുടെ ഭാഗമായി മുന്നൂറോളം ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്ത ഒ.ബി.സി മോർച്ചയുടെ സഹായ പദ്ധതി സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായിരുന്നു. റിഷി പൽപ്പുവായിരുന്നു പദ്ധതിക്ക് നേതൃത്വം നൽകിയത്. ബി.ഡി.ജെ.എസുമായി ചേർന്ന് ഈഴവ വോട്ടുകൾ സ്വന്തം പക്ഷത്തെത്തിക്കാനുള്ള തന്ത്രമാണ് ബി.ജെ.പി സംസ്ഥാന തലത്തിൽ പയറ്റുന്നത്. ഡിവിഷനിൽ എസ്.എൻ.ഡി.പി നേതൃത്വവുമായി അടുത്ത ബന്ധമുള്ള റിഷി പൽപ്പുവിനെ മുന്നിൽ നിറുത്തി പരമാവധി ഈഴവ വോട്ടുകൾ സമാഹരിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.