മാള: കൊവിഡിൽ വൃശ്ചികം ഒന്നിന് ദേശവിളക്കുകളില്ലാതെ ദേശങ്ങൾ നിരാശയിൽ. തൃശൂർ, എറണാകുളം ജില്ലകളിലായി വൃശ്ചികം ഒന്നിന് നൂറിലധികം ദേശവിളക്കുകളാണ് ആഘോഷിക്കാറ്. ഇതോടെ നിരവധി പേരുടെ തൊഴിലാണ് ഇല്ലാതായത്. വൃശ്ചികം ഒന്ന് മുതൽ ഓരോ ദേശങ്ങളിലും ദേശവിളക്ക്, അയ്യപ്പൻ വിളക്ക് എന്നീ പേരുകളിൽ നടക്കാറുള്ള ആഘോഷങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകാറ്. പൊതു ചടങ്ങുകളായാണ് പല ദേശവിളക്കുകളും നടക്കുക. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്നദാനവും കലാ സാംസ്കാരിക പരിപാടികളും വേറിട്ടതായിരുന്നു.
ശരാശരി ഒരു ദേശവിളക്ക് സംഘടിപ്പിക്കുന്നതിനായി രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ ചെലവഴിക്കുമായിരുന്നു. നൂറോളം പേർക്കാണ് വിവിധ രീതികളിൽ തൊഴിൽ ലഭിച്ചിരുന്നത്. ശാസ്‌താം പാട്ട്, ചിന്ത് പാട്ട്, നാദസ്വരം, കാവടി, ചെണ്ടമേളം, ലൈറ്റ് ആൻഡ് സൗണ്ട്, വാഴപ്പോള ഉപയോഗിച്ചുള്ള ക്ഷേത്ര നിർമ്മാണം, ശാന്തിക്കാർ, പാചക തൊഴിലാളികൾ, പച്ചക്കറി കർഷകർ, വെടിക്കെട്ട്, കരകാട്ടം, തെയ്യം, ഭക്ഷണ സാധനങ്ങളുടെ കച്ചവടക്കാർ തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് വിഷമത്തിലായത്. ജാതി-മത ഭേദമന്യേ ഇത്തരത്തിലുള്ള ദേശവിളക്കുകളുമായി സഹകരിക്കുന്ന സാഹചര്യമായിരുന്നു ഗ്രാമങ്ങളിലുണ്ടായിരുന്നത്. ആഘോഷവും ഭക്തിയും വിശ്വാസവും എന്നതിലുപരി കൂട്ടായ്മ ശക്തിപ്പെടുത്തുന്ന നിലയിലേക്ക് ദേശവിളക്കുകൾ കഴിഞ്ഞ വർഷങ്ങളിൽ സജീവമായിരുന്നു.