പുതുക്കാട്: അകാലത്തിൽ പൊലിഞ്ഞ മകന്റെ ഓർമ്മയ്ക്കായി ആമ്പല്ലൂരിൽ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു നൽകി. അളഗപ്പനഗർ കമ്മ്യൂണിറ്റി ഹാളിന് സമീപത്താണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം വെണോർ ചിറമ്മൽ നെപ്പോ നിർമ്മിച്ചത്. രണ്ട് ലക്ഷം രൂപ ചെലവിൽ ആധുനിക രീതിയിലാണ് നിർമ്മാണം.
നെപ്പോയുടെ മകൻ ഡോ. ആൽവിന്റെ സ്മരണയ്ക്കായാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. രണ്ട് വർഷം മുൻപാണ് അസുഖത്തെ തുടർന്ന് ആൽവിൻ മരിച്ചത്. ദേശീയപാതയുടെ കിഴക്കു നിന്നുള്ള ബസുകളിൽ വരുന്നവർക്ക് ദേശീയ പാതയുടെ കിഴക്കുഭാഗത്ത് ബസ് സ്റ്റോപ്പ് വേണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. ഇതിനായി വയോജന സംഘടനയായ തണലിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയിരുന്നു.
ചാലക്കുടി, പുതുക്കാട് ഭാഗത്തേക്ക് പോകാനുള്ള വയോജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ദേശീയപാതയ്ക്ക് കുറുകെ കടക്കുന്നതിനുള്ള ബുദ്ധിമുട്ടിന് പ്രതിവിധിയാണ് പുതിയ ബസ് സ്റ്റോപ്പ്. വയോജനങ്ങളുടെ ആവശ്യത്തിന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ അനുകൂല നിലപാട് എടുത്തതോടെയാണ് ബസ് സ്റ്റോപ്പും കാത്തിരിപ്പ് കേന്ദ്രവും യാഥാർത്ഥ്യമായത്.
തണൽ സംഘടനയുടെ ആവശ്യപ്രകാരമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ നെപ്പോ തയ്യാറായത്. ഇരിപ്പിടങ്ങളും, സാനിറ്റൈസർ സംവിധാനവും, വൈഫൈ സൗകര്യവും കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഡോ. ആൽവിൻ നെപ്പോ ചിറമ്മൽ മെമ്മോറിയൽ ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന് നാമകരണം ചെയ്ത ബസ് കാത്തിരിപ്പു കേന്ദ്രം ബുധനാഴ്ച തുറന്നുകൊടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതുക്കാട് എസ്.എച്ച്.ഒ: ടി.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തണൽ സംഘടനാ പ്രസിഡന്റ് സി.കെ. കൊച്ചുക്കുട്ടൻ, വൈസ് പ്രസിഡന്റ് പി.പി. ഡേവീസ്, നെപ്പോ ചിറമ്മൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.