ചാലക്കുടി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കൽ പൂർത്തിയാകുമ്പോൾ ചാലക്കുടിയിലെ യു.ഡി.എഫിലും പിന്നാക്ക വിഭാഗത്തിന് അവഗണന. നഗരസഭയിലും പഞ്ചായത്തുകളിലും ഇതു പ്രകടമാണ്. നഗരഭസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ ഈഴവ വിഭാഗത്തിൽ നിന്നും ഒരേയൊരു പേരുമാത്രമാണുള്ളത്, വാർഡിൽ 23ൽ പി.ഡി. ദിനേശ്. ഇതും അവസാന നിമിഷം വെട്ടിപ്പോകുമെന്ന ആശങ്കയും നിലനിൽക്കുന്നു. പട്ടികജാതി സംവരണത്തിന്റെ രണ്ടെണ്ണം ഒഴിച്ചാൽ ബാക്കി 34ലും ഈഴവരെ അവഗണിക്കുന്നത് ഇതിനകം വലിയ ചർച്ചയാകുന്നുണ്ട്.
പിന്നാക്കക്കാരെ വെട്ടിനിരത്തുന്നതിൽ കാടുകുറ്റി മുന്നിൽ
യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനിരിക്കെ ഈഴവർ ഉൾപ്പെടെ താഴത്തട്ടിലെ ഒരു വിഭാഗത്തിനും കാടുകുറ്റി പഞ്ചായത്തിൽ പരിഗണന കിട്ടിയില്ലെന്ന് വ്യക്തം. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. കഴിഞ്ഞ തവണ ഈഴവ വിഭാഗത്തിൽ ഒരു വനിതയ്ക്ക് മാത്രമായിരുന്നു സീറ്റുണ്ടായിരുന്നത്. ഇക്കറി അതുപോലും നൽകാൻ നേതൃത്വം തയ്യാറായില്ല.
അന്നനാട് മേഖലയിൽ നിർണായക ശക്തിയായ ഈഴവരിൽ നിന്നും ഒരു സ്ഥാനാർത്ഥിയുണ്ടാകുമെന്ന് നേരത്തെ പ്രചരണമുണ്ടായിരുന്നു. എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ ടി.ഡി. വേണുവിന്റെ പേരായിരുന്നു പരിഗണനയിൽ. എന്നാൽ അവസാന നിമിഷം തകിടം മറിഞ്ഞു. യോഗ പ്രവർത്തനങ്ങളിൽ പഞ്ചായത്തിന്റെ ചുമതലയുണ്ടായിരുന്ന ടി.ഡി. വേണുവിന് സീറ്റ് നിഷേധിച്ചത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ഇ.കെ. വിശ്വനാഥൻ മുന്നറിയിപ്പു നൽകി.
ഏറെക്കാലമായി കാടുകുറ്റിയിൽ ഭരണം നടത്തുന്നത് യു.ഡി.എഫാണ്. ഈഴവ - പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയും മുന്നണിക്ക് ലഭിച്ചു. എങ്കിലും അവസരങ്ങൾ വരുമ്പോൾ അടിസ്ഥാന വിഭാഗങ്ങളെ തഴയുന്ന സ്ഥിരം നാടകത്തിൽ പഞ്ചായത്തിലും പ്രതിഷേധം ഉയരുന്നുണ്ട്.