കൊടുങ്ങല്ലൂർ: കൊടുങ്ങല്ലുർ നഗരസഭയിൽ യു.ഡി.എഫിലെ മുഖ്യകക്ഷിയായ മുസ്‌ലിം ലീഗ് മുന്നണി വിട്ടു. നഗരസഭയിലെ അഞ്ച് വാർഡുകളിൽ ലീഗ് സ്ഥാനാർത്ഥികളെ നിറുത്തി തനിച്ചു മത്സരിക്കും. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥികൾ മത്സരിച്ച മൂന്ന് വാർഡുകളിൽ രണ്ടെണ്ണം കോൺഗ്രസിന് വിട്ടുനൽകിയാണ് ലീഗ് രണ്ട് വാർഡുകളിൽ മത്സരിക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് എട്ടാം വാർഡിൽ എം.കെ മാലിക്കും ഒമ്പതാം വാർഡിൽ നസീമ നവാസും സ്ഥാനാർത്ഥികളായി മത്സരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കോൺഗ്രസിന്റെ പ്രദേശിക നേതാക്കളുടെ നിസഹകരണമാണ് മുന്നണി വിടാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്. ലീഗ് മുനിസിപ്പൽ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. അഞ്ച് വാർഡുകളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.അഞ്ചാം വാർഡിൽ വി.എച്ച് ഇസഹാഖ് മാസ്റ്റും എട്ടാം വാർഡിൽ ടി.എ നൗഷാദും ഒമ്പതാം വാർഡിൽ നസിമ നവാസും 13ാം വാർഡിൽ മണ്ഡലം പ്രസിഡന്റ് യൂസഫ് പടിയത്തും 14ാം വാർഡിൽ പ്രജീഷയും മത്സരിക്കും.
മൂന്നാം ദിനം ലഭിച്ചത് 1,566
നാമനിർദ്ദേശ പത്രികകൾ
തൃശൂർ: നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ മൂന്നാം ദിനമായ തിങ്കളാഴ്ച ജില്ലയിൽ ലഭിച്ചത് 1,566 നാമനിർദ്ദേശ പത്രികകൾ. ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി എന്നീ ഏഴ് നഗരസഭകളിലും ആറ് ബ്ലോക്ക് പഞ്ചായത്തിലും 71 പഞ്ചായത്തുകളിലുമാണ് നാമനിർദ്ദേശ പത്രിക സമർപ്പണം നടന്നത്.
കോർപറേഷനിൽ 15 നോമിനേഷനുകളും ജില്ലാ പഞ്ചായത്തിൽ അഞ്ചും പത്രികകൾ സമർപ്പിച്ചു. നഗരസഭകളിൽ ചാലക്കുടി - 20, ഇരിങ്ങാലക്കുട - 37, കൊടുങ്ങല്ലൂർ - 2, ചാവക്കാട് - 1, ഗുരുവായൂർ- 11, കുന്നംകുളം - 50, വടക്കാഞ്ചേരി- 9 എന്നിങ്ങനെയാണ് തിങ്കളാഴ്ച്ച സമർപ്പിച്ച നാമനിർദ്ദേശ പത്രികകൾ. ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും 71 പഞ്ചായത്തുകളിലുമായി ആകെ 1,416 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്. ആദ്യ ദിനം ജില്ലയിൽ 4 നാമനിർദ്ദേശ പത്രികകളും രണ്ടാം ദിവസം 33 നാമനിർദ്ദേശ പത്രികകളുമാണ് സമർപ്പിച്ചത്. നവം. 19 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം.