തൃശൂർ: പതിവ് തെറ്റിക്കാതെ കോൺഗ്രസിൽ തുടരുന്ന സീറ്റിനു വേണ്ടിയുള്ള കടിപിടിയിൽ ഇന്ന് കെ.പി.സി.സി ഇടപെടൽ ഉണ്ടാകും. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ അവസാനം രണ്ടിടത്താണ് തർക്കം കീറാമുട്ടിയായി നിൽക്കുന്നത്. എ ഗ്രുപ്പ് നേതാക്കൾ തമ്മിൽ സീറ്റിനായി നടത്തുന്ന പിടിവലി അവസാനിപ്പിക്കാൻ കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി നടത്തുന്ന ചർച്ചകൾ ഇന്നലെയും ഫലം കണ്ടില്ല. ഗാന്ധി നഗർ, കിഴക്കുംപാട്ടുകര എന്നി സീറ്റുകളിൽ ആര് മത്സരിക്കണം എന്നത് സംബന്ധിച്ചു ഇന്ന് കെ. പി. സി. സി നിർദ്ദേശം വരുമെന്നാണ് കരുതുന്നത്.
പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ തന്റെ സ്വന്തം ഡിവിഷൻ ആയ ഗാന്ധി നഗർ ഡിവിഷനിൽ മത്സരിക്കുമെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ട്. എന്നാൽ മറ്റൊരു നേതാവായ ജോൺ ഡാനിയേൽ നേരത്തെ മത്സരിച്ചിരുന്ന പാട്ടുരായ്ക്കൽ ഡിവിഷൻ സംവരണം ആയതോടെ ഗാന്ധി നഗറിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടുവീഴ്ചയുടെ ഭാഗമായി രാജൻ പല്ലൻ കിഴക്കുംപാട്ടുകരയിൽ മത്സരിക്കാം എന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ ഇവിടെ മുൻ കൗൺസിലർ ബൈജു വർഗീസ് തന്നെ മത്സരിക്കണം എന്ന് പറഞ്ഞു രംഗത്ത് വന്നതോടെ ആണ് പ്രശ്നം രൂക്ഷമായത്. ആരും വീട്ടുവീഴ്ചക്ക് തയ്യാറാവാതിരുന്നത്തോടെ പ്രശ്ന പരിഹാരത്തിന് കോർപ്പറേഷൻ കോർ കമ്മിറ്റി പല തവണ യോഗം ചേർന്ന് എല്ലാവരെയും വിളിച്ചു ചർച്ച നടത്തി. ഡി.സി.സി നേതൃത്വം ചർച്ച നടത്തിയിട്ടും പരിഹാരം ആകാതെ വന്നതോടെ അന്തിമ തീരുമാനം എടുക്കാൻ കെ.പി.സി.സി നേതൃത്വത്തിന് വിടുകയായിരുന്നു. ഇതിനിടെ കെ.പി.സി.സി നേതൃത്വം പറഞ്ഞാൽ മത്സരത്തിൽ നിന്ന് പിൻവാങ്ങാം എന്ന് ബൈജു വർഗീസ് വ്യക്തമാക്കിയതാണ് സൂചന. അങ്ങനെ വന്നാൽ ഗാന്ധി നഗറിൽ ജോൺ ഡാനിയലിനെയും കിഴക്കും പാട്ടുകരയിൽ രാജൻ പല്ലനെയും സ്ഥാനാർഥികളാക്കി അവസാന പട്ടിക ഇന്ന് പ്രഖ്യാപിക്കും. മറ്റിടങ്ങളിൽ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പ്രചാരണ രംഗത്ത് ഇറങ്ങിക്കൊള്ളാൻ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.