tcr

തൃശൂർ: കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാൻ യു. ഡി.എഫും നിലനിറുത്താൻ എൽ.ഡി.എഫും തന്ത്രങ്ങൾ മെനയുമ്പോൾ പോരാട്ടവീര്യം കടുക്കും. ഇതുവരെയും കയറിപ്പറ്റാൻ സാധിക്കാത്ത എൻ.ഡി.എയും സാന്നിദ്ധ്യം തെളിയിക്കുമെന്ന വാശിയോടെ രംഗത്തുണ്ട്. മൂന്നു മുന്നണികളും ശക്തരായ സ്ഥാനാർത്ഥികളെയാണ് പട നയിക്കാൻ നിയോഗിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ശേഷം ഒരു തവണ മാത്രമാണ് യുഡി.എഫിനു ഭരണം ലഭിച്ചത്. അതിനാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ തങ്ങളുടെ കുത്തകയാണെന്ന് എൽ.ഡി.എഫ് പറയുന്നു. പലയിടത്തും ശക്തരായ സ്ഥാനാർത്ഥികളെയാണ് മുന്നണികൾ രംഗത്തിറക്കിയിട്ടുള്ളത്.

സി.പി.എം പല ഡിവിഷനുകളിലും മുൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളെ തന്നെയാണ് മത്സരിപ്പിക്കുന്നത്. യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന ജോസഫ് ടാജറ്റ് പുത്തൂരിലാണ് മത്സരിക്കുന്നത്. ഇവിടെ എൽ.ഡി.എഫ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യൻ ജോസ് മഞ്ഞളിയെയാണ് ഇവിടെ കളത്തിലിറക്കിയിരിക്കുന്നത്. എൻ.ഡി.എ ബി.ജെ.പിയിലെ ബിജോയ് തോമസിനെയും മത്സരിപ്പിക്കുന്നു.

ഇടതു പക്ഷം ഭരണം നിലനിറുത്തിയാൽ ആദ്യ തവണ സി.പി.ഐയും രണ്ടാം തവണ സി.പി.എമ്മും പ്രസിഡന്റ് സ്ഥാനം പങ്കിടും. ആമ്പല്ലൂരിൽ മത്സരിക്കുന്ന വി.എസ്. പ്രിൻസാകും സി.പി.ഐയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. കോൺഗ്രസിന്റെ ഇ.എ. ഹംനയാണ് ഇവിടെ എതിർസ്ഥാനാർത്ഥി. ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടാണ് ആമ്പല്ലൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി.

ആളൂർ, മുല്ലശ്ശേരി, വാഴാനി എന്നിവ ജില്ലാ പഞ്ചായത്തിലേക്ക് പ്രധാന മത്സരം നടക്കുന്ന ഡിവിഷനുകളാണ്. ആളുരിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസാണ് എൽ.ഡി.എഫ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് നേതാവ് ഒ.ജെ. ജനീഷിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ റിക്‌സൺ ചെവിടൻ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. സി.പി.എം പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻതൂക്കമുള്ളയാളാണ് പി.കെ. ഡേവിസ്.

സി.പി.ഐ ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്ന 7 സീറ്റുകളിൽ രണ്ടിടത്ത് മാത്രമാണ് പുരുഷൻമാരെ സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. ആമ്പല്ലൂരും മുല്ലശ്ശേരിയുമാണ് അത്. മുല്ലശ്ശേരിയിൽ ബെന്നി ആന്റണിയാണ് ഇടത് സ്ഥാനാർത്ഥി. മൂന്നു മുന്നണികൾക്കും ശക്തമായ സ്വാധീനമുള്ള ഇവിടെ മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.കെ. അരവിന്ദനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്. ഉല്ലാസ് ബാബുവിനെയും കളത്തിലിറക്കിയിട്ടുണ്ട്.

വാഴാനിയിൽ മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. വിനയനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥി കോലഴി മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. സാബുവാണ്. ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന നേതാവ് റിഷി പൽപ്പുവിനെ കളത്തിൽ ഇറക്കി വെല്ലുവിളി ഉയർത്തി കഴിഞ്ഞു. ചേലക്കര, തളിക്കുളം, കയ്പമംഗലം തുടങ്ങി മിക്ക ഡിവിഷനുകളിലും പോരാട്ടം കടുക്കും. മുൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.എം. നൗഷാദ്, ടി. നിർമ്മല എന്നിവർ മത്സരിക്കുമ്പോൾ ഇരു മുന്നണികളിലും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമാരും മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും മത്സരത്തിനുണ്ട്.