തൃപ്രയാർ: എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ സ്ഥാനാർത്ഥി മഞ്ജുള അരുണൻ പ്രചാരണം തുടങ്ങി. സി.പി.എം നാട്ടിക ഏരിയ കമ്മിറ്റി അംഗവും കഴിഞ്ഞ തവണത്തെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്ന മഞ്ജുള അരുണന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് സി.പി.എം നേതാവായിരുന്ന പരേതനായ കെ.വി പീതാംബരന്റെ സഹധർമ്മിണി സരസ്വതിയാണ്. അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് കൊണ്ടു വന്ന നേതാക്കൾ നിരവധിയാണ്. മഞ്ജുള അരുണനും അക്കൂട്ടത്തിൽ പെടുന്നു. നാട്ടികയിലെ കുടുംബവീട്ടിൽ കെ.വിയെ മറവ് ചെയ്ത മണ്ണിൽ നിന്നാണ് മഞ്ജുള അരുണന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഔദ്യോഗികമായി തുടങ്ങിയത്. തൃപ്രയാർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സെക്രട്ടറി അഡ്വ. വി.കെ ജ്യോതിപ്രകാശ്, സി.പി.എം ചെന്ത്രാപ്പിന്നി ലോക്കൽ സെക്രട്ടറി ഷീന വിശ്വൻ എന്നിവരുമൊത്താണ് മഞ്ജുള അരുണനെത്തിയത്.