ചേർപ്പ്: കൊവിഡ് പ്രതിരോധത്തിനൊപ്പം പ്രചാരണച്ചൂടിനും പ്രതിരോധമാവുകയാണ് അവിണിശ്ശേരി ഖാദി മാസ്കുകൾ. രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം ആലേഖനം ചെയ്ത ഖാദിയുടെ കോട്ടൺ മസ്ലിലിൻ തുണിയിലാണ് കനത്ത ചൂടിനെ പ്രതിരോധിക്കാനായി അവിണിശേരി ഖാദിയിൽ മാസ്ക് നിർമ്മിക്കുന്നത്.
കൊവിഡ് പ്രതിരോധത്തിനായി ഇതുവരെ ഒരു ലക്ഷത്തോളം മാസ്‌കാണ് അവിണിശേരി കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ നിർമ്മിച്ചു നൽകിയത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യത്തിനുസരിച്ച് അവരുടെ ചിഹ്നങ്ങൾ പതിച്ച രണ്ട് ലെയർ, സിംഗിൾ ലെയർ മാസ്‌കുകളുടെ നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെയാണ് ഖാദി ബോർഡ് പുതിയ ആശയത്തിലേക്ക് ചുവട് മാറ്റിയത്.
മാസ്‌കിന്റെ ലെയറിനനുസരിച്ച് 20 മുതൽ 30 വരെയാണ് വില. ഖാദിയുടെ വിൽപ്പനശാലകളിൽ വിൽക്കുന്ന എല്ലാ തുണിത്തരങ്ങൾക്കും നൽകുന്ന റിബേറ്റും ഈ മാസ്‌കിന് നൽകുന്നുണ്ട്. അവിണിശ്ശേരിയിലെ റെഡിമെയ്ഡ് നിർമ്മാണ യൂണിറ്റിലെ 50ലേറെ തൊഴിലാളികളാണ് ഇപ്പോൾ മാസ്‌ക് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. എല്ലാ രാഷ്ട്രീയപാർട്ടികളുടെയും വിവിധ നിറത്തിലുള്ള ചിഹ്നം പതിച്ച് ആവശ്യത്തിനനുസരിച്ച് ഇവിടെ നിന്ന് മാസ്‌ക് നിർമ്മിച്ചു നൽകി വരുന്നു. സ്ഥാനാർത്ഥികളെ സ്വീകരിക്കുമ്പോൾ അണിയിക്കുന്ന പല നിറത്തിലുള്ള ഷാളുകളുടെ നിർമ്മാണവും ഖാദിയിൽ സജീവമായിട്ടുണ്ട്.