കൊടകര: ടംഗ് ട്വിസ്റ്റിംഗ് അഥവാ നാക്കുളുക്കുന്ന വാക്കുകൾ അതിവേഗത്തിൽ ഉച്ചരിച്ചതിനുള്ള ലോക റെക്കാഡ് ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശിനിയായ രീഷ്മ (32)​ സ്വന്തമാക്കി. പീറ്റർ പൈപ്പർ പിക്ക്ഡ് ദി പംകിൻ എന്ന് 30 സെക്കൻഡിൽ 29 തവണ ഉച്ചരിച്ചാണ് രീഷ്മ ഈ നേട്ടം കൈവരിച്ചത്. ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കാഡ്‌സ് മാർക്കറ്റിംഗ് മാനേജർ പി.പി പീറ്റർ റെക്കാഡിന്റെ സാക്ഷ്യപത്രം ചെമ്പുച്ചിറ ശിവക്ഷേത്ര സന്നിദ്ധിയിൽ വച്ച് രീഷ്മയ്ക്ക് കൈമാറി. ശ്രീധരൻ കളരിക്കൽ അദ്ധ്യക്ഷനായി.

ഗിന്നസ് ബുക്ക്‌സ് ഒഫ് റെക്കാഡ്‌സിൽ രീഷ്മയുടെ പേര് രേഖപ്പെടുത്തുന്നതിനുള്ള മുന്നോടിയായിട്ടാണ് സാക്ഷ്യപത്ര സമർപ്പണം. 30 സെക്കന്റിൽ 26 തവണ ഉച്ചരിച്ച അമേരിക്ക സ്വദേശി നാതാലി ഫോണ്ടലിംഗിന്റെ പേരിലായിരുന്ന റെക്കാഡാണ് രീഷ്മ സ്വന്തം കൈകളിലെത്തിച്ചത്. മറ്റത്തൂർ ചെമ്പുച്ചിറ ചിനങ്ങത്ത് മബനീഷിന്റെ ഭാര്യയായ രീഷ്മ നിലവിൽ ലൈംലൈറ്റ് ഓൺലൈൻ ചാനലിൽ വാർത്ത അവതാരികയാണ്.