അന്തിക്കാട്: അന്തിക്കാട് കോൺഗ്രസിൽ ഗ്രൂപ്പ് പോരിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ഷേർളി ജേക്കബ് പാർട്ടി വിട്ടു. ഗ്രൂപ്പ് പോരിൽ സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്ന് പേര് വെട്ടിയതായും ആരോപണമുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി അന്തിക്കാട്
മഹിള കോൺഗ്രസ് അദ്ധ്യക്ഷയായും, ന്യൂനപക്ഷ സെൽ ബ്ലോക്ക് വൈസ് ചെയർമാനായും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഷേർളി ജേക്കബ്ബാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ വെട്ടിനിരത്തലിൽ മനം മടുത്ത് പാർട്ടി വിട്ടത്.

വനിതാ സംവരണമായ അന്തിക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിലെ സ്ഥാനാർത്ഥിയായി കോൺഗ്രസ് വാർഡ് കമ്മിറ്റി ഷേർളിയുടെ പേര് നിർദ്ദേശിച്ചിരുന്നു. ഐ ഗ്രൂപ്പിന് മേധാവിത്വമുള്ള മണ്ഡലം കമ്മിറ്റിയിൽ എ ഗ്രൂപ്പുകാരിയായ ഷേർളി ജേക്കബ്ബിൻ്റെ സ്ഥാനാർത്ഥിത്വം തീരുമാനമാകാതെ വന്നതിനെ തുടർന്ന് വിഷയം ബ്ലോക്ക് കമ്മിറ്റിയിൽ കെ.പി.സി.സി സെക്രട്ടറിമാരും ഐ ഗ്രൂപ് നേതാക്കളുമായ രണ്ട് പേർ ശക്തിയായി എതിർത്തതോടെ സ്ഥാനാർത്ഥിത്വം നിഷേധിക്കുകയായിരുന്നുവെന്ന് ഷേർളി പറയുന്നു. അന്തിക്കാട്ടുകാരായ കെ.പി.സി.സി സെക്രട്ടറിമാരുടെ വ്യക്തിതാൽപര്യങ്ങൾക്കനുസൃതമായി മാത്രമാണ് സ്ഥാനാർത്ഥിത്വം വീതം വെയ്ക്കുന്നതെന്നും ഇത്തരം കുബുദ്ധി നേതൃത്വവുമായി ഒത്തുപോവുക സാദ്ധ്യമല്ലെന്നതിനാലാണ് ചുമതലകൾ രാജിവെച്ചൊഴിഞ്ഞതെന്നും ഷേർളി ജേക്കബ്ബ് പറയുന്നു.