ചാവക്കാട്: സി.പി.എമ്മിൽ പിളർച്ച രൂക്ഷമായതിനെ തുടർന്ന് അതിഥി സ്ഥാനാർത്ഥികളെ ഇറക്കി പ്രശ്‌ന പരിഹാരം. വനിതാ സംവരണ വാർഡായ മണത്തല പുളിച്ചിറക്കെട്ട് ഈസ്റ്റ് വാർഡിൽ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി പലരും രംഗത്ത് ഇറങ്ങിയതോടെ ഷീജ പ്രശാന്തിനെ ഇറക്കിയാണ് വാർഡിലെ വിഭാഗീയതക്ക് പാർട്ടി തടയിട്ടത്. സ്വന്തം വാർഡായ 25ൽ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക പ്രവർത്തനം നടത്തി കഴിഞ്ഞതിന് ശേഷമാണ് നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനാർത്ഥി കൂടിയായ ഷീജ പ്രശാന്തിന് വാർഡ് മാറ്റം സംഭവിച്ചത്. വാർഡ് 21ൽ നിലവിലെ വൈസ് ചെയർമാൻ മഞ്ജുഷ സുരേഷ് അവകാശ വാദം ഉന്നയിച്ചതോടെ തൊട്ടടുത്ത വാർഡിലെ രഞ്ചനെ ഇറക്കിയാണ് പാർട്ടി പ്രശ്‌നം പരിഹരിച്ചത്. പാർട്ടിയിലെ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചാവക്കാട് ഏരിയാ കമ്മിറ്റി അംഗവും ചാവക്കാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പി.വി. സുരേഷ്‌കുമാർ തന്റെ സ്ഥാനങ്ങൾ രാജിവച്ചിരുന്നു. ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസിനാണ് രാജി കത്ത് കൈമാറിയത്. ലോക്കൽ സെക്രട്ടറി അറിയാതെ സ്ഥാനാർത്ഥി നിർണയം നടത്തിയതാണ് രാജിയിൽ കലാശിച്ചത്. ഒരു സംസ്ഥാന നേതാവിനെതിരെ പാർട്ടി വേദിയിൽ വിമർശനം ഉന്നയിച്ചതോടെ ഒരു വിഭാഗത്തിന്റെ കണ്ണിലെ കരടായി സുരേഷ് മാറിയിരുന്നു. അതിനെ തുടർന്ന് പാർട്ടിയിൽ അദ്ദേഹത്തെ ഒതുക്കി വരികയായിരുന്നു അതിനിടയിലാണ് അദ്ദേഹം അറിയാതെ ഒരു ഏരിയാ കമ്മിറ്റി അംഗം സ്ഥാനാർഥി നിർണയം നടത്തിയത്. മമ്മിയൂർ വാർഡിൽ സി.പി.എം പ്രവർത്തകന്റെ വീട്ടിൽ നിന്നും സി.പി.ഐ സ്ഥാനാർത്ഥി വന്നത് പാർട്ടിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. തുടർന്ന് സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യം സി.പി.ഐ നേതൃത്വവുമായി ചർച്ച ചെയ്യാൻ ഏരിയാ കമ്മിറ്റി അംഗം സുരേഷ് കുമാറിനോട് ആവശ്യപ്പെട്ടുവത്രെ. സ്ഥാനാർത്ഥി നിർണയം നടത്തിയവർ തന്നെ പ്രശ്‌നം പരിഹരിച്ചോളാൻ സുരേഷ് മറുപടി പറഞ്ഞത് തർക്കത്തിന് വഴി വെച്ചു. തർക്കം രൂക്ഷമായി വ്യക്തിപരമായ അധിക്ഷേപത്തിലേക്കും കടന്നതോടെ സുരേഷ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനവും ഏരിയാ കമ്മിറ്റി അംഗത്വവും രാജിവക്കുകയായിരുന്നു.