കയ്പമംഗലം: തദ്ദേശ തിരഞ്ഞെടുപ്പിൽ തീരദേശത്തെ പഞ്ചായത്തുകളിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി. 18 വാർഡുള്ള എടത്തിരുത്തി പഞ്ചായത്തിൽ 13 വാർഡിൽ കോൺഗ്രസും, രണ്ട് വാർഡിൽ മുസ്ലീം ലീഗും, രണ്ട് വാർഡുകളിൽ യു.ഡി.എഫ് സ്വതന്ത്രന്മാരും ഒരു വാർഡിൽ യു.ഡി.എഫ് പിന്തുണയോടെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയും മത്സരിക്കും.
കയ്പമംഗലത്ത് തർക്കം നിന്നിരുന്ന ആറാം വാർഡിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ പോൾസൺ മത്സരിക്കും. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സുരേഷ് കൊച്ചുവീട്ടിൽ മതിലകം ബ്ലോക്കിൽ കയ്പമംഗലം ഡിവിഷനിൽ സ്ഥാനാർത്ഥിയാകും.
ഒരാഴ്ചയായി നിന്നിരുന്ന അനിശ്ചിതത്വം ഡി.സി.സിയുടെ നിർദ്ദേശത്തെ തുടർന്ന് പരിഹരിച്ചു. പെരിഞ്ഞനത്ത് കോൺഗ്രസ് 14 വാർഡിലും, മുസ്ലീം ലീഗ് ഒരു വാർഡിലും മത്സരിക്കും. നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്നലെ എടത്തിരുത്തിയിൽ 12 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു.
കയ്പമംഗലത്ത് 37 പേരാണ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്. ജനകീയ മുന്നണി സ്ഥാനാർത്ഥിയായ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ബേബിയും ഇന്നലെ പത്രിക സമർപ്പിച്ചവരിൽപെടുന്നു. പെരിഞ്ഞനത്ത് 25 പേരാണ് പത്രിക സമർപ്പിച്ചത്. മതിലകത്ത് 28 പേർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.