കയ്പമംഗലം: മതിലകം പഞ്ചായത്തിൽ സ്ഥാനാർത്ഥി പട്ടികയിൽ പട്ടികജാതി സംവരണം കൂടാതെ നാലു ജനറൽ സീറ്റിലും പട്ടിക ജാതിക്കാർക്ക് മത്സരിക്കാൻ അവസരം നൽകി മാതൃക കാട്ടി എൽ.ഡി.എഫ്. ഇതോടെ പഞ്ചായത്തിൽ 17ൽ എഴ് സീറ്റിലും പട്ടികജാതിക്കാർ എൽ.ഡി.എഫിനായി പടക്കിറങ്ങും.
സി.പി.എം പതിനൊന്ന് വാർഡുകളിലും, സി.പി.ഐ അഞ്ചു വാർഡുകളിലും ഒരു വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രനും അടക്കമാണ് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത്. ജനറൽ വാർഡുകളായ 8, 12 എന്നിവിടങ്ങളിൽ സി.പി.എമ്മും, 9, 10 വാർഡുകളിൽ സി.പി.ഐയുമാണ് പട്ടിക ജാതിക്കാർക്ക് മത്സരിക്കാൻ അവസരം നൽകിയത്. മതിലകം പഞ്ചായത്തിലെ ജനറൽ വാർഡുകളായ 8 ൽ സമുതി സുന്ദരൻ, 12 ൽ മാലതി സുബ്രഹ്മണ്യൻ എന്നിവർ സി.പി.എം സ്ഥാനാർത്ഥികളും 9 ൽ ഹിത രതീഷ്, 10 ൽ ടി.എസ് രാജു എന്നിവർ സി.പി.ഐ സ്ഥാനാർത്ഥികളുമാകും. കൂടാതെ പട്ടിക ജാതി വനിതാ സംവരണ വാർഡായ 5 ൽ സി.പി.എം സ്ഥാനാർത്ഥിയായ രജനി ബേബിയും, പട്ടിക ജാതി പുരുഷ സംവരണ വാർഡായ 15 ൽ സി.പി.എം സ്ഥാനാർത്ഥിയായി വി.എസ് രവീന്ദ്രനും മത്സരിക്കും. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ മതിലകം ഡിവിഷൻ ഷീജ ബാബു (സി.പി.എം), കൂളിമുട്ടം ഡിവിഷൻ ഹഫ്സ ഒഫൂർ (സി.പി.ഐ) , എസ്.എൻ പുരം ഡിവിഷൻ സി.കെ ഗിരിജ എന്നിവരും സ്ഥാനാർത്ഥികളാകും.