ചേലക്കര: പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐ മാരുൾപ്പെടെ അഞ്ച് പൊലീസുകാർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പഴയന്നൂർ സ്റ്റേഷനിലെ 13 പൊലീസുകാർക്കാണ് രോഗം പിടിപെട്ടത്. വേണ്ടത്ര ജീവനക്കാർ ഈ സ്റ്റേഷനിൽ ഇല്ല. അതിനിടയിൽ തിരുവില്വാമല ഔട്ട് പോസ്റ്റ് പുനരാരംഭിച്ചതിനാൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം അവിടേക്ക് മാറ്റി. കൊവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥർ അവധിയിലായതോടെ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് പിടിപ്പത് പണിയായി. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണെങ്കിലും ഇവർക്ക് നിരീക്ഷണത്തിലിരിക്കാൻ അനുവാദം ലഭിച്ചിട്ടില്ല. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട പൊലീസുദ്യോഗസ്ഥർ ഇന്നലെ ട്രാഫിക് നിയന്ത്രണത്തിനും വാഹന പരിശോധനക്കുമായി ഇറങ്ങിയിരുന്നു. ഇത് രോഗവ്യാപനത്തിനുള്ള ഇടവരുത്തിയേക്കും. സമ്പർക്കപ്പട്ടികയിലുള്ളവർ നിരീക്ഷണത്തിലിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശമുണ്ടെങ്കിലും മേൽ അധികൃതരുടെ അനുവാദം ലഭിക്കാതെ നിരീക്ഷണത്തിലിരിക്കുവാൻ കഴിയാത്ത സ്ഥിതിയാണ് പൊലീസുകാർക്ക്.
ഇന്നലെ പഴയന്നൂർ പഞ്ചായത്തു പരിധിയിൽ 23 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.