congress

തൃശൂർ: നഗരസഭയിൽ കോൺഗ്രസ്‌ രാഷ്ട്രീയം കലങ്ങി മറിയുന്നു. മൂന്നു സീറ്റുകളെ ചൊല്ലിയുള്ള തർക്കം ഇതു വരെയും പരിഹരിക്കാൻ സാധിച്ചിട്ടില്ല. അവസാന ഫോർമുല എന്ന നിലയിൽ കിഴക്കുംപാട്ടുകരയിൽ മത്സരിക്കുമെന്ന് പറഞ്ഞിരുന്ന രാജൻ പല്ലൻ സ്വന്തം ഡിവിഷനായ ഗാന്ധി നഗറിലേക്ക് തിരിച്ചെത്തിയേക്കും. ഇവിടെ മത്സരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ജോൺ ഡാനിയേലിനെ നേട്ടീശ്ശേരിയിലേക്ക് മാറ്റി പ്രശ്നപരിഹാരത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്.

പുതിയ പ്രശ്നങ്ങൾ

നാമനിർദ്ദേശപത്രിക സമർപ്പണ തീയതി നാളെ അവസാനിക്കാനിരിക്കെയാണ് ഇതുവരെയും സീറ്റ്‌ തർക്കം പരിഹരിക്കാൻ സാധിക്കാതെ കോൺഗ്രസ്‌ വിഷമവൃത്തത്തിൽ ആയത്. നേട്ടീശ്ശേരിയിൽ സീറ്റ്‌ ഉറപ്പിച്ചിരുന്ന എം. കെ. വർഗീസിന് ഇതോടെ സീറ്റ്‌ ഇല്ലാതാകും. ഇത് മറ്റൊരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന ഭയവും ഉണ്ട്. കിഴക്കുംപാട്ടുകരയിൽ മുൻ കൗൺസിലർ ബൈജു വർഗീസ് ആയിരിക്കും സ്ഥാനാർത്ഥി. എന്നാൽ ഇതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. മുൻ കൗൺസിലർ ജെയിംസ് പെല്ലിശ്ശേരി, കെ. ജെ. റാഫി എന്നിവർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടെ രാജൻ പല്ലന് പകരം ബൈജു വർഗീസ് ആണെങ്കിൽ വിമത സ്ഥാനാർഥികൾ രംഗത്ത് വരാനുള്ള സാധ്യതയും ഉണ്ട്.

ഗാന്ധിനഗർ ഡിവിഷനിൽ എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ സ്ഥാനാർത്ഥികൾ പുറത്തു നിന്നുള്ളവരാണെന്നും അതു കൊണ്ട് തന്നെ ആ ഡിവിഷൻകാരനായ രാജൻ പല്ലനെ ഇവിടെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് നൂറോളം പേർ ചേർന്ന് ഒപ്പിട്ട നിവേദനം ഡി.സി.സിക്കും കെ.പി.സി.സിക്കും നൽകിയിരുന്നു. നേരത്തെ പെരിങ്ങാവ് ഡിവിഷൻ കൗൺസിലർ ആയിരുന്ന ജോൺ ഡാനിയേൽ അവിടെ സംവരണം ആയതോടെ ആണ് ഗാന്ധിനഗറിലേക്ക് നോട്ടമിട്ടത്. ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ ആണ് ഗാന്ധിനഗർ സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജൻ പല്ലൻ കിഴക്കുംപാട്ടുകരയിലേക്ക് മാറി ഒത്തുതീർപ്പ് നടത്താമെന്നു ധാരണ ആയിരുന്നു. ഇതിനിടയിൽ ആണ് കിഴക്കുംപാട്ടുകരയിൽ ബൈജു വർഗീസ് രംഗത്ത് വന്നത്. ഇതോടെ കോൺഗ്രസ്‌ രാഷ്ട്രീയം ചെളികുളമാകുകയായിരുന്നു.