തൃശൂർ: തദ്ദേശ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവയിൽ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും ഉണ്ടായിരിക്കണമെന്ന പഞ്ചായത്തീരാജ്/ മുനിസിപ്പൽ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.
അച്ചടിക്കുന്നതിനു മുമ്പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ട് ആളുകൾ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിലുള്ള പ്രഖ്യാപനം പ്രസ് ഉടമ നൽകേണ്ടതും അച്ചടിച്ച ശേഷം മേൽപ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകർപ്പ് സഹിതം പ്രസുടമ നിശ്ചിത ഫോറത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചു തരേണ്ടതുമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥയുടെ ലംഘനം ആറുമാസത്തോളം ആകാവുന്ന തടവുശിക്ഷയോ, 2000രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്ന കുറ്റമാണ്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനുവാദമില്ലാതെ പരസ്യം പാടില്ല
തൃശൂർ: തദ്ദേശ പൊതു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കാൻ രാഷ്ട്രീയകക്ഷികളോ സ്ഥാനാർത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കാൻ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. സർക്കാർ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല.