കയ്പമംഗലം: സംസ്ഥാന വോളിബാൾ ടീമിന്റെ പരിശീലകനും, ഇന്ത്യൻ മാസ്റ്റേഴ്‌സ് വോളിബാൾ ടീം അംഗവുമായ പി.സി രവിമാസ്റ്റർ എടത്തിരുത്തി പഞ്ചായത്തിലെ 15 ാം വാർഡിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും. എടത്തിരുത്തി പഞ്ചായത്തിൽ താമസിക്കുന്ന പട്ടാലി രവിമാസ്റ്റർ മണപ്പുറത്തെ കായിക സംസ്‌കാരത്തിന് വിലപ്പെട്ട സംഭാവന നൽകിയിട്ടുള്ളയാളാണ്. തൃത്തല്ലൂർ കമലാ നെഹ്രു സ്‌കൂളിൽ നിന്ന് കായികാദ്ധ്യാപകനായി റിട്ടയർ ചെയ്തു.
പി.ജെ. ഹാഷിം, കെ.ജി. രാജേഷ്, അരുൺ തേറമ്പിൽ തുടങ്ങി ദേശീയ താരങ്ങൾ അദ്ദേഹത്തിന്റെ പരിശീലനത്തിൽ പിറവിയെടുത്തു. എണ്ണിയാലൊടുങ്ങില്ല അദ്ദേഹത്തിന്റെ ശിഷ്യപരമ്പര. രവി മാസ്റ്ററുടെ ശിക്ഷണത്തിൽ കേരള ടീം നിരവധി വിജയങ്ങൾ നേടി. ദേശീയ വോളിബാൾ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള റഫറിയുമാണ്. 25 വർഷമായി എസ്.എൻ.എസ്.സി.യിൽ സൗത്ത് ഇന്ത്യൻ വോളിബാൾ കോച്ചിംഗ് ക്യാമ്പും രവിമാസ്റ്ററുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. 2021 ൽ ജപ്പാനിൽ നടക്കുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ വോളിബാൾ ടീമിന്റെ പരിശീലകൻ കൂടിയാണ് രവി മാസ്റ്റർ. ജില്ല വോളിബാൾ അസോസിയേഷൻ ഭാരവാഹി, ആർട്ട് ഒഫ് ലിവിംഗ് അദ്ധ്യാപകൻ, യോഗ അദ്ധ്യാപകൻ തുടങ്ങിയ നിലകളിലും അദ്ദേഹം സജീവമാണ്. തൃത്തല്ലൂർ കമല നെഹ്രു സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും ശിഷ്യരിൽ നിന്നും ദക്ഷിണയായി ലഭിച്ച കെട്ടിവയ്ക്കാനുള്ള തുക കമല നെഹ്രുവിലെ പ്രഥമ വോളിബാൾ താരം ഹാഷിം ജമാലും, ചെന്ത്രാപ്പിന്നിയുടെ എം.ആർ സിദ്ധാർത്ഥും ചേർന്ന് രവിമാസ്റ്റർക്ക് നൽകി. കളത്തിൽ പ്രധാന എതിരാളികൾ അയൽ വാസികൾ തന്നെയാണ്. തെക്കേ വീട്ടിൽ താമസിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലവിലെ അംഗവുമായ സി.പി.എമ്മിലെ ഹേന രമേഷ്, വടക്കെ വീട്ടിൽ താമസിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി.ജെ.പിയിലെ പ്രേംജിത്ത് കൊല്ലാറയുമാണ് എതിരാളികൾ.