 
തൃശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ സീറ്റ് തർക്കത്തിന് വിരാമമിട്ട് കോൺഗ്രസ് മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. മൂന്നു സീറ്റുകളെ ചൊല്ലി ഉയർന്നുവന്ന തർക്കം തീരാൻ ഇന്നലെ ഉച്ചവരെ സമയമെടുത്തു. ഒടുവിൽ തർക്കം ഉണ്ടായിരുന്ന ഗാന്ധി നഗർ, നെട്ടിശ്ശേരി, കിഴക്കുംപാട്ടുകര എന്നിവിടങ്ങളിൽ യഥാക്രമം രാജൻ പല്ലൻ, ബൈജു വർഗീസ്, ജോൺ ഡാനിയേൽ എന്നിവരെ മത്സരിപ്പിക്കും. അതേസമയം നെട്ടിശ്ശേരി ഡിവിഷനിൽ മത്സരിക്കാൻ അവകാശ വാദം ഉയർത്തിയ മുൻ കൗൺസിലർ എം.കെ വർഗീസിനെ ഒഴിവാക്കി ബൈജു വർഗീസിനെ ഇവിടെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.
തർക്കം അവസാനിപ്പിക്കാൻ അവസാന ഫോർമുല എന്ന നിലയിൽ കിഴക്കുംപാട്ടുകരയിൽ മത്സരിക്കുമെന്ന് പറഞ്ഞിരുന്ന രാജൻ പല്ലൻ സ്വന്തം ഡിവിഷനായ ഗാന്ധി നഗറിലേക്ക് മാറ്റുകയും ഇവിടെ മത്സരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ജോൺ ഡാനിയേലിനെ നെട്ടിശ്ശേരിയിലേക്ക് മാറ്റി പ്രശ്‌നപരിഹാരത്തിനാണ് നേതൃത്വം ശ്രമിച്ചത്. ബൈജു വർഗീസിനെ കിഴക്കുംപാട്ടുകരയിൽ മത്സരിപ്പിക്കാൻ ധാരണയായി. എന്നാൽ ഇത് അംഗീകരിക്കാൻ ഏതാനും നേതാക്കൾ തയ്യാറായില്ല. ബൈജു വർഗീസിനെ കിഴക്കുംപാട്ടുകരയിൽ മത്സരിപ്പിക്കുന്നതിനോട് അവിടെ നിന്നുള്ള മുൻ കൗൺസിലർമാർ അടക്കം രംഗത്ത് വന്നതോടെ പ്രശ്‌നപരിഹാരം വഴിമുട്ടി.
മുൻ കൗൺസിലർ ജയിംസ് പെല്ലിശ്ശേരി, കെ.ജെ. റാഫി എന്നിവരാണ് എതിർപ്പ് പ്രകടിപ്പിച്ചത്. ഇവിടെ രാജൻ പല്ലന് പകരം ബൈജു വർഗീസ് ആണെങ്കിൽ വിമത സ്ഥാനാർത്ഥികൾ രംഗത്ത് വരാനുള്ള സാദ്ധ്യതയും ഉയർന്നതോടെ വീണ്ടും ഫോർമുല മാറ്റാൻ നേതൃത്വം തയ്യാറായി. ഇതിനിടെ ഡിവിഷനിൽ എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ സ്ഥാനാർത്ഥികൾ പുറത്തു നിന്നുള്ളവരാണെന്നും അതു കൊണ്ട് തന്നെ ആ ഡിവിഷൻകാരനായ രാജൻ പല്ലനെ ഗാന്ധി നഗറിൽ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നൂറോളം പേർ ചേർന്ന് ഒപ്പിട്ട നിവേദനം ഡി.സി.സിക്കും കെ.പി.സി.സിക്കും നൽകിയിരുന്നു.
നേരത്തെ പെരിങ്ങാവ് ഡിവിഷൻ കൗൺസിലർ ആയിരുന്ന ജോൺ ഡാനിയേൽ അവിടെ സംവരണമായതോടെയാണ് ഗാന്ധിനഗറിലേക്ക് നോട്ടമിട്ടത്. ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ ആണ് ഗാന്ധിനഗർ സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജൻ പല്ലൻ കിഴക്കുംപാട്ടുകരയിലേക്ക് മാറി ഒത്തുതീർപ്പ് നടത്താമെന്നു ധാരണയായിരുന്നു. ഇതിനിടെയാണ് കിഴക്കുംപാട്ടുകരയിൽ ബൈജു വർഗീസ് രംഗത്ത് വന്നത്. ഇതെല്ലാം ആയതോടെ വർഗീസിനുള്ള ഡിവിഷനിൽ നിന്നുള്ള എതിർപ്പിന്റെ കാരണം ചൂണ്ടിക്കാട്ടി അവിടെ ബൈജുവിനു സീറ്റ് നൽകി. ജോൺ ഡാനിയേലിന് മോഹിച്ച സീറ്റ് കിട്ടാതെ വന്നതോടെ കിഴുക്കുംപാട്ടുകരയിലേക്ക് ചേക്കേറേണ്ടിവന്നു.
സീറ്റ് നിർണയം ഇങ്ങനെ
കിഴക്കുംപാട്ടുകരയ്ക്ക് വാശി പിടിച്ച ബൈജു വർഗീസ് നെട്ടിശ്ശേരിയിലേക്ക്
നെട്ടിശ്ശേരി മോഹിച്ച എം.കെ. വർഗീസിന് സീറ്റ് ഇല്ല
മൂന്ന് സീറ്റുകളെ ചൊല്ലിയുള്ള തർക്കത്തിൽ തർക്കം നീണ്ടത് ഇന്നലെ ഉച്ചവരെ
തർക്കമുണ്ടായത് ഗാന്ധി നഗർ, നെട്ടിശ്ശേരി, കിഴക്കുംപാട്ടുകര ഡിവിഷനുകളിൽ
കോർപറേഷൻ കോൺഗ്രസ് സ്ഥാനാർത്ഥികൾ
കോൺഗ്രസ് കോര്പറേഷന് സ്ഥാനാര്‍ത്ഥികള്‍: 1. പൂങ്കുന്നം - വത്സല ബാബുരാജ്, 2. കുട്ടന്‍കുളങ്ങര - എ.കെ. സുരേഷ്, 03. പാട്ടുരായ്ക്കല്‍ - ദിവ്യ ദയാല്‍, 04. വിയ്യൂര്‍ - രന്യ ബൈജു, 05. പെരിങ്ങാവ് - എന്‍.എ. ഗോപകുമാര്‍, 06. രാമവര്‍മ്മപുരം - അഡ്വ. സ്മിനി ഷിജോ, 07. കുറ്റുമുക്ക് - അജി വിനയന്, 08. വില്ലടം - എം.എസ്.രവീന്ദ്രന്, 09. ചേറൂര് - അഡ്വ. വില്ലി ജിജോ, 10. മുക്കാട്ടുകര - രോഹിണി.പി, 11. ഗാന്ധിനഗര്‍ - രാജന്.ജെ.പല്ലന്, 12. ചെമ്പൂക്കാവ് - റെജി ജോയ്, 13. കിഴക്കുംപാട്ടുകര - ജോണ്‍ ഡാനിയേല്‍, 15. ഒല്ലൂക്കര - ശ്യാമള മുരളീധരന്, 16. നെട്ടിശ്ശേരി - ബൈജു വര്‍ഗീസ്, 17. മുല്ലക്കര - പി.യു. ഹംസ, 18. മണ്ണുത്തി - ജ്യോതി ആനന്ദ്, 20. കാളത്തോട് - പി.എസ്. ബാബു, 21. നടത്തറ - ടി.ആര്. സന്തോഷ്, 22. ചേലക്കോട്ടുകര - മേഴ്സി അജി, 24. വളര്‍ക്കാവ് - സുനില്‍രാജ്, 25. കുരിയച്ചിറ - നിമ്മി റപ്പായി, 26. അഞ്ചേരി - ശശി പോട്ടയില്‍, 27. കുട്ടനെല്ലൂര്‍ - ബിന്ദു കുമാരന്, 28. പടവരാട് - റനി ജോയ്, 29. എടക്കുന്നി - ലതിക മുരളീധരന്, 30. തൈക്കാട്ടുശ്ശേരി - സന്ദീപ് സഹദേവന്, 31. ഒല്ലൂര്‍ - സനോജ് കാട്ടൂക്കാരന്‍, 32. ചിയ്യാരം സൗത്ത് - പ്രിന്‍സി മാത്യു, 33. ചിയ്യാരം നോര്‍ത്ത് - ആന്‍സി പുലിക്കോട്ടില്‍, 34. കണ്ണംകുളങ്ങര - മുകേഷ് കുളംപറമ്പില്‍, 35. പള്ളിക്കുളം - സിന്ധു ആന്റോ ചാക്കോള, 36. തേക്കിന്‍കാട് - പുല്ലാട്ട് സരളാദേവി, 37. കോട്ടപ്പുറം - ഗീത ബി, 38. പൂത്തോള്‍ - ഷീന ചന്ദ്രന്, 40. വടൂക്കര - സതീഷ് അപ്പുക്കുട്ടന്, 41. കൂര്‍ക്കഞ്ചേരി - വിനീഷ് തയ്യില്‍, 42. കണിമംഗലം - ജയപ്രകാശ് പൂവ്വത്തിങ്കല്‍, 43. പനമുക്ക് - ജോണ്സണ് കുറ്റൂക്കാരന്‍, 44. നെടുപുഴ - എബി വര്‍ഗ്ഗീസ്, 45. കാര്യാട്ടുകര - ലാലി ജയിംസ്, 46. ചേറ്റുപുഴ - സുനന്ദ ഗോപാലകൃഷ്ണന്, 47. പുല്ലഴി - കെ. രാമനാഥന്, 48. ഒളരിക്കര - ശ്രീലാല്‍ ശ്രീധരന്, 50. ലാലൂര്‍ - ഫ്രാന്‍സീസ് ചാലിശ്ശേരി, 51. അരണാട്ടുകര - രാജു കുര്യാക്കോസ്, 52. കാനാട്ടുകര - ടി.എസ്. സന്തോഷ്, 53. അയ്യന്തോള്‍ - എ.പ്രസാദ്, 54. സിവില്‍ സ്റ്റേഷന് - സുനിത വിനു, 55. പുതൂര്‍ക്കര - മേഫി ഡെല്സന്.