തൃപ്രയാർ: നാട്ടികയിലെ യു.ഡി.എഫിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വിട്ടിരുന്നു. ഐ ഗ്രൂപ്പിന് മൂന്ന് സീറ്റുകൾ നൽകാൻ തീരുമാനമായതോടെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നാല്, അഞ്ച്, പത്ത് വാർഡുകളാണ് ഐ ഗ്രൂപ്പിനു നൽകിയത്.

പഞ്ചായത്തിലെ 12 വാർഡുകളിൽ കോൺഗ്രസും രണ്ട് വാർഡുകളിൽ മുസ്‌ലിം ലീഗും മത്സരിക്കും. അഞ്ചാം വാർഡിൽ മത്സരിക്കേണ്ടിയിരുന്ന ഷിമ സുനിലിനെ ബ്ലോക്ക് പഞ്ചായത്ത് തൃപ്രയാർ ഡിവിഷനിൽ സ്ഥാനാർത്ഥിയാക്കി. ഈ വാർഡിൽ മുൻ പഞ്ചായത്ത് അംഗം പി.എം. സിദ്ദിഖ് മത്സരിക്കും. ഇവിടെ മഹിളാ കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റും ആശാ പ്രവർത്തകയുമായ സുബില പ്രസാദ് സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തിയത് കോൺഗ്രസിന് തിരിച്ചടിയായേക്കും.

യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് അനിൽ പുളിക്കൽ, വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ കെ.എ. ഷൗക്കത്തലി എന്നിവർ ഉൾപ്പെട്ടവരാണ് മത്സര രംഗത്തുള്ളത്.