തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ റെക്കാഡ് വിജയം കരസ്ഥമാക്കുമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സി.ഡി. ശ്രീലാൽ കേരളകൗമുദിയോട് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം എൻ.ഡി.എയ്ക്ക് അനുകൂലമാണ്. സ്വർണക്കടത്ത്, മയക്കു മരുന്ന് മാഫിയ, ലൈഫ് മിഷൻ അഴിമതി തുടങ്ങി സംസ്ഥാന സർക്കാർ മാഫിയ കുരുക്കിലാണ്.
നരേന്ദ്ര മോദി നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന ജനക്ഷേമ പദ്ധതികളുടെ ഗുണം കോടിക്കണക്കിന് സാധാരണക്കാർക്ക് ലഭിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനു പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ, കൃഷി സമ്മാൻ നിധി തുടങ്ങി നിരവധി പദ്ധതികൾ ജനക്ഷേമകരമാണ്. കേരളത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ വലിയ വിജയം കരസ്ഥമാക്കുമെന്നും ശ്രീലാൽ അഭിപ്രായപ്പെട്ടു.
ജില്ലയിൽ നിരവധി പഞ്ചായത്തുകളിൽ ഇത്തവണ എൻ.ഡി.എ ഭരണം വരും. പല നഗരസഭകളിലും ഇപ്പോൾ തന്നെ വ്യക്തമായ സ്വാധീനമുണ്ട്. ബി.ഡി.ജെ.എസിനെ സംബന്ധിച്ചു തിളക്കമാർന്ന വിജയം നേടും. ബി.ജെ.പിയും ബി.ഡി.ജെ.എസും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. 170 ഓളം സീറ്റുകളിൽ ബി.ഡി.ജെ.എസ് ജില്ലയിൽ മത്സരിക്കുന്നുണ്ട്.
കോർപറേഷനിൽ എട്ട് സീറ്റിലാണ് മത്സരരംഗത്തുള്ളത്. എല്ലാ നഗരസഭകളിലും ബി.ഡി.ജെ.എസ് മത്സരിക്കുന്നുണ്ട്. എല്ലായിടത്തും ശക്തമായ പ്രവർത്തനവുമായാണ് പാർട്ടിയുടെ മുന്നോട്ടുപോക്കെന്നും സി.ഡി. ശ്രീലാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.