covid

തൃശൂർ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രചരണത്തിന് പോകുന്ന മറ്റുള്ളവരും ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ. ധാർമ്മിക ഉത്തരവാദിത്വം കണക്കിലെടുത്ത് സ്ഥാനാർത്ഥികളും സംഘാംഗങ്ങളും ആർ.ടി.പി.സി.ആർ/ആന്റിജൻ ടെസ്റ്റ് നടത്തി കൊവിഡില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതായിരിക്കും അഭികാമ്യമെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന അറിയിച്ചു.


മറ്റ് നിർദേശങ്ങൾ:

* തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുളള ഭവന സന്ദർശനത്തിന് ഒരേ സമയം മൂന്ന് പേർ മാത്രമാകണം .


* വീടുകൾ/സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രചാരണത്തിന് പോകുന്നവർ രണ്ട് മീറ്റർ എങ്കിലും അകലം പാലിച്ച് ആളുകളോട് സംസാരിക്കുക.


* വീടുകളിൽ പ്രചാരണത്തിന് പോകുന്നവരും വീട്ടിലുള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കേക്കണം


*നോട്ടീസ്/ലഘുലേഖ തുടങ്ങിയ അച്ചടി മാദ്ധ്യമങ്ങൾ പരമാവധി ഒഴിവാക്കി, സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിക്കേണ്ടതാണ്.

*പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ ഇടുങ്ങിയ മുറികളിൽ കൂടരുത്. അവ, സാമൂഹിക അകലം പാലിച്ച് ആളുകൾക്ക് ഇരിക്കാവുന്ന തരത്തിൽ വിശാലമായതും വായുസഞ്ചാരമുള്ളതുമായ ഹാളുകളിൽ നടത്തണം.


* സ്ഥാനാർത്ഥികളും ടീമംഗങ്ങളും സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കണം.

*പ്രചാരണത്തിന് പോകുന്നവർ കുട്ടികൾ, ഗർഭിണികൾ, 60 വയസിന് മുകളിലുളളവർ, മറ്റ് അസുഖങ്ങൾ ഉളളവർ എന്നിവരുമായി സമ്പർക്കത്തിലേർപ്പെടുന്നത് ഒഴിവാക്കണം.