കയ്പമംഗലം: ജൂനിയർ ഏഷ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്ററിൽ മെഡൽ നേടിയ അബ്ദുള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത്. കയ്പമംഗലം ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.ഐക്ക് വേണ്ടിയാണ് അബ്ദുള്ള തിരഞ്ഞെടുപ്പിന്റെ ട്രാക്കിലിറങ്ങുന്നത്.
സാഫ് ഗെയിംസിൽ വെള്ളിയും, ഏഷ്യൻ ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ 4x400 മീറ്ററിൽ സ്വർണവും, 400 മീറ്ററിൽ വെള്ളിയും അടക്കം അന്താരാഷ്ട്ര, ദേശീയ മത്സരങ്ങളിൽ നിന്ന് നിരവധി മെഡലുകൾ അദ്ദേഹം നേടിയിട്ടുണ്ട്. സി.ആർ.പി.എഫിലെ ഡെപ്യൂട്ടി കമാൻഡന്റ് പദവിയിൽ നിന്നും വിരമിച്ച ശേഷം നാട്ടിൽ മടങ്ങിയെത്തി മുഴുവൻ സമയം കർഷകനായി മാറി.
കൃഷിയോടൊപ്പം പൊതുപ്രവർത്തനത്തിൽ മുഴുകുന്നതിനിടയിലാണ് സ്ഥാനാർത്ഥിത്വം തേടിയെത്തിയത്. മൂന്നു തവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.എ. മുഹമ്മദാലിയും, എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി.ഡി.ജെ.എസിന്റെ വി.എം. ശ്രീകുമാറുമാണ് അബ്ദുള്ളയുടെ എതിരാളികൾ.