ചേലക്കര: പഞ്ചായത്ത് രാജ് നിലവിൽ വന്നതിന് ശേഷം ഇടതു വലതു മുന്നണികളെ മാറി മാറി അധികാരത്തിലെത്തിച്ച പഴയന്നൂർ പഞ്ചായത്തിൽ തിരഞ്ഞെടുപ്പിന് കച്ച മുറുക്കി മൂന്ന് മുന്നണികളും. സ്ഥാനാർത്ഥികളെ നിരത്തിലിറക്കിക്കഴിഞ്ഞു.
22 വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിന്റെ ഭരണമായിരുന്നു. ഇത്തവണ തിരിച്ചു പിടിക്കുമെന്ന വാശിയിൽ യു.ഡി.എഫും നിലനിറുത്തുമെന്ന വാശിയിൽ എൽ.ഡി.എഫും പോരാടുമ്പോൾ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുകയും ഭൂരിഭാഗം വാർഡുകളും പിടിച്ചെടുക്കുകയും ചെയ്യുമെന്ന വീറോടെയാണ് എൻ.ഡി.എ മത്സര രംഗത്ത് ഉള്ളത്.
പ്രസിഡന്റ് സ്ഥാനം ഇത്തവണ സംവരണമല്ല. അതിനാൽ മുൻ പഞ്ചായത്തു പ്രസിഡന്റുമാരുടെ സ്ഥാനാർത്ഥിത്വവും ശ്രദ്ധേയമാണ്. സി.പി.എം നേതാവായ പി.എ ബാബുവും കോൺഗ്രസ് നേതാവായ പി.കെ മുരളീധരനും കഴിഞ്ഞ തവണത്തെ പ്രസിഡന്റായിരുന്ന ശോഭന രാജനും മത്സര രംഗത്തുണ്ട്.
എൽ.ഡി.എഫിനായി ആറാം വാർഡിലും 22-ാം വാർഡിലും സി.പി.ഐ സ്ഥാനാർത്ഥികളും എട്ടാം വാർഡിൽ ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയുമാണ് നിൽക്കുന്നത്. ബാക്കി 19 വാർഡുകളിലും സി.പി.എം സ്ഥാനാർത്ഥികമാണ് മത്സരിക്കുന്നത്. യു.ഡി.എഫ് മൂന്ന് വാർഡുകൾ മുസ്‌ലിം ലീഗിന് നൽകിയിട്ടുണ്ടെങ്കിലും എട്ടാം വാർഡിൽ മാത്രമാണ് കോണി ചിഹ്നത്തിൽ മത്സരിക്കുന്നത്.