മണ്ണുത്തി: ദേശീയ പാത മണ്ണുത്തി ഓവർ ബ്രിഡ്ജിനു സമീപത്തെ സർവീസ് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് പ്ലക്കാർഡ് കൈയിലേന്തി ഒറ്റയാൻ പ്രതിഷേധം നടത്തി. പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹ്‌സിൻ (27) ആണ് റോഡ് നിർമ്മാണ കമ്പനിക്കെതിരെ വ്യത്യസ്ത സമരം നടത്തിയത്. ഇന്നലെ രാവിലെ ആറിന് പാലക്കാട് നിന്ന് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ് നിരവധി സമയം റോഡിൽ കിടന്ന യുവാവിനെ മറ്റു യാത്രക്കാരൊന്നും സഹായിക്കാനെത്തിയില്ല. തുടർന്ന് വിവരമറിഞ്ഞ മണ്ണുത്തി പൊലീസ് ആംബുലൻസ് സ്ഥലത്തെത്തി യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട യുവാവ് അതേ കുഴിയുടെ സമീപം പ്ലക്കാർഡ് കൈയിലേന്തി പ്രതിഷേധിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്ന് മുതൽ ആരംഭിച്ച സമരം വൈകീട്ട് അഞ്ച് വരെ തുടർന്നു.