ചാവക്കാട്: ദേശീയപാത കണക്കെടുപ്പെന്ന പേരിൽ വീടുകളിൽ സർവേയ്‌ക്കെത്തിയ ജീവനക്കാർ വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നതായി ആക്ഷേപം. ഇന്നലെ രാവിലെ എടക്കഴിയൂർ, തിരുവത്ര, കോട്ടപ്പുറം എന്നീ പ്രദേശങ്ങളിലാണ് കൊടുങ്ങല്ലൂർ എൻ.എച്ച് ഓഫീസിൽ നിന്നെത്തിയ ജീവനക്കാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയത്. പണം നൽകില്ലെന്നും, വീടുകൾ ഉടൻ പൊളിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി.

കൊവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ജനങ്ങൾക്ക് നഷ്ടപരിഹാരവും, പുനരധിവാസവും പ്രഖ്യാപിക്കാതെ മാനസികമായി പീഡിപ്പിക്കുന്ന നടപടി സർക്കാർ ഉടൻ നിറുത്തിവയ്ക്കണമെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം ചെയർമാൻ സിദ്ദീഖ് ഹാജി ആവശ്യപ്പെട്ടു. പഞ്ചായത്ത് തിരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ മാനസികമായി പൊറുതി മുട്ടിക്കുന്ന നടപടി അവസാനിപ്പിച്ചില്ലങ്കിൽ സമര പരിപാടികൾ ശക്തമാക്കുമെന്നും അതിന്റെ ഭാഗമായി അടുത്ത ആഴ്ച പ്രതിഷേധ തെരുവ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കെ.കെ. ഹംസക്കുട്ടി, ഇ.എസ്. ഉമ്മർ, ഉസ്മാൻ അണ്ടത്തോട്, അബൂബക്കർ, കമറു പട്ടാളം, പി.കെ. നൂറുദീൻ ഹാജി, കെ.എ. സുകുമാരൻ എന്നിവർ സംസാരിച്ചു.