തൃശൂർ: ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം ചൂടു പിടിക്കുമ്പോൾ എല്ലാ വാർഡുകളിലും എതിരാളികളില്ലാതെ മുന്നേറാൻ കൊവിഡും സ്ഥാനാർഥികൾക്കൊപ്പം ഗോദയിലുണ്ട്. കിതപ്പില്ലാതെ കുതിക്കാൻ അവസരം കാത്ത് വൈറസ് പതിങ്ങിയിരിക്കിടക്കുന്നുണ്ട്. ഇതിന്റെ മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് നൽകി കഴിഞ്ഞു. കൊവിഡ് ബാധിതർ അരലക്ഷം കടന്നുവെങ്കിലും രോഗബാധിതരെക്കാൾ രോഗമുക്തർ കൂടുന്നത് ആശ്വാസമാണ്. എങ്കിലും സൂക്ഷിച്ചാൽ സങ്കടപ്പെടേണ്ടി വരില്ല. നവംബർ ആദ്യപാദം പിന്നിടുമ്പാൾ വൈറസ് ബാധിച്ചവരേക്കാൾ കൂടുതൽ രോഗമുക്തർ ഉണ്ടായെങ്കിലും രോഗികളുടെ എണ്ണം ഏത് നിമിഷവും മറികടക്കാം.
നവംബറിൽ രോഗമുക്തർ കൂടുതൽ
ഈ മാസം 15 വരെ രോഗമുക്തരാണ് കൂടുതൽ ഉണ്ടായിട്ടുള്ളത്. 11397 പേർക്കാണ് കൊവിഡ് ബാധിച്ചതെങ്കിൽ ഈ ദിവസങ്ങളിൽ രോഗം ഭേദമായവർ 13,399 പേരാണ്. 15ൽ അഞ്ചു ദിവസവും രോഗമുക്തർ ആയിരം കടന്നു. ഒന്നിന് 1049 ഉം അഞ്ചിന് 1032 ആറിന് പത്ത് കൂടി 1042ഉം പത്തിന് 1088ഉം 12ന് 1062 പേരുമാണ് രോഗമുക്തരായത്. അഞ്ചുദിവസങ്ങളിൽ തൊള്ളായിരവും കടന്നു. രണ്ടു ദിവസങ്ങളിൽ മാത്രമാണ് രോഗമുക്തർ അഞ്ചൂറിൽ താഴെ വന്നത്. മൊത്തം രോഗം ബാധിതർ 51168 പേർ ആണെങ്കിൽ രോഗം മാറിയവർ 42396 പേരാണ്. നിലവിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വ്യാപനം നടക്കുന്ന ജില്ലകളിൽ മുന്നിലാണ് തൃശൂരെങ്കിലും രോഗ ബാധിതർ കുറയുന്നുവെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ഈ മാസം 15 വരെ രോഗം ബാധിച്ച 11397 പേരിൽ 11121 പേർക്കും സമ്പർക്ക വ്യാപനം തന്നെയാണ് ഉണ്ടായത്. 99 പേരുടെ രോഗ പ്രഭവകേന്ദ്രം അറിയില്ല. രോഗികളിൽ 104 പേർ ആരോഗ്യ പ്രവർത്തകരായത് കൊവിഡ് പ്രതിരോധത്തെ ബാധിച്ചിട്ടുണ്ട്. സെപ്തംബർ 30ന് ജില്ലയിലെ കൊവിഡ് രോഗികളുടെ ആകെ കണക്ക് 13641 ആയിരുന്നു. ഒക്ടോബർ പിന്നിട്ടപ്പോൾ ഇത് 39771 രോഗികളായി ഉയർന്നു.
പ്രാധാന്യം കൊവിഡ് പെരുമാറ്റചട്ടത്തിന്
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരോഗ്യ വകുപ്പ് നൽകിയ കൊവിഡ് പെരുമാറ്റച്ചട്ടം പൂർണമായി പാലിക്കണ്ടേതുണ്ട്. സോപ്പും മാസ്കും സാമൂഹിക അകലവുമാണ് അവശ്യം വേണ്ടത്. തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളെക്കാൾ കൊവിഡ് ചട്ടങ്ങൾക്ക് പ്രാമുഖ്യം നൽകിയാവണം പ്രചാരണം നടക്കേണ്ടത്. ഇല്ലെങ്കിൽ അതിഭീകര രോഗ വ്യാപനമാണ് കാത്തിരിക്കുന്നതെന്നു ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാർത്ഥികളും ഒപ്പം പോകുന്നവരും കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
കെ.ജെ. റീന
ഡി.എം.ഒ