തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനം കാര്യക്ഷമമായി ഏകോപിപ്പിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ മൊബൈൽ ആപ്പ് പോൾ മാനേജർ. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരം വേഗത്തിൽ ജില്ലാ തലത്തിൽ ലഭ്യമാക്കാനാണ് പോൾ മാനേജർ മൊബൈൽ ആപ് ഉപയോഗിക്കുക. വോട്ടെടുപ്പ് ദിവസവും അതിന് മുന്നിലത്തെ ദിവസവുമാണ് പോൾ മാനേജർ ഉപയോഗിക്കുക. വോട്ടിംഗ് യന്ത്രം ഏറ്റുവാങ്ങുന്നത് മുതൽ വോട്ടെടുപ്പ് കഴിഞ്ഞ് തിരിച്ചേൽപ്പിക്കുന്നത് വരെയുള്ള എല്ലാ വിവരങ്ങളും ആപിൽ രേഖപ്പെടുത്തും. വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളിൽ എല്ലാ ബൂത്തുകളിൽ നിന്നും വോട്ടിംഗ് ശതമാനം ആപിലൂടെ ഉദ്യോഗസ്ഥർക്ക് നൽകാം. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ആപ് വികസിപ്പിച്ചത്. മുൻകൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ആപ്പിലുള്ളത്. ഇതിലൂടെ പോളിംഗ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ പുറപ്പെട്ട് തിരിച്ചെത്തുന്നത് വരെയുള്ള വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തും. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കാണ് ആപ് ഉപയോഗിക്കാൻ സാധിക്കുക. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ചാണ് ആപ് ഓപൺ ചെയ്യുന്നത്. ജില്ലാതല നോഡൽ ഓഫീസർമാർക്കാണ് പോൾ മാനേജർ ആപ്പ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരം ശേഖരിക്കേണ്ട ചുമതല. പോൾ മാനേജർ മൊബൈൽ ആപുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു.
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തൃശൂർ : കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ മത്സരിക്കുന്നതിനുള്ള കേരള കോൺഗ്രസ് (എം. ജോസഫ്) സ്ഥാനാർത്ഥികളെ ജില്ലാ പ്രസിഡന്റ് സി.വി കുരിയാക്കോസ് പ്രഖ്യാപിച്ചു. കോർപറേഷനിൽ രണ്ടും ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റിലുമാണ് കേരള കോൺഗ്രസ് മത്സരിക്കുന്നത്. പറവട്ടാനി ഡിവിഷനിൽ ഹണി ലാസറും എൽത്തുരുത്ത് ഡിവിഷനിൽ ലിജി വർഗീസും മത്സരിക്കും. ജില്ലാ പഞ്ചായത്തിൽ അവണൂർ ഡിവിഷനാണ് നൽകിയിരിക്കുന്നത്. ഇവിടെ ടി.ജെ മിനിയും മത്സരിക്കും.
പത്രിക നൽകിയത് 5562 പേർ
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രികാസമർപ്പണത്തിന്റെ അഞ്ചാംദിനമായ ബുധനാഴ്ച ജില്ലയിൽ 5562 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രികാ സമർപ്പണം നവംബർ 19ന് അവസാനിക്കും. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന റിട്ടേണിംഗ് ഓഫീസർമാരുടെ സാന്നിദ്ധ്യത്തിൽ നടക്കും. ബുധനാഴ്ച ജില്ലാ പഞ്ചായത്തിൽ 53 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. തൃശൂർ കോർപ്പറേഷനിൽ 211 സ്ഥാനാർത്ഥികളും 7 നഗരസഭകളിലായി 691 സ്ഥാനാർത്ഥികളും 16 ബ്ലോക്ക് പഞ്ചായത്തുകളിലായി 425 സ്ഥാനാർത്ഥികളും ബുധനാഴ്ച പത്രിക നൽകി. 86 പഞ്ചായത്തുകളിലായി 4182 പേരും പത്രിക നൽകി.
നേതാക്കളെ തേജോവധം ചെയ്യരുത്
തൃശൂർ : തിരഞ്ഞെടുപ്പിൽ പാർട്ടികളെക്കുറിച്ചുള്ള വിമർശനം അവരുടെ നയപരിപാടികളെക്കുറിച്ച് മാത്രമാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. എതിർ രാഷ്ട്രീയ കക്ഷിനേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങൾ എതിർകക്ഷിയെക്കുറിച്ചോ അവരുടെ പ്രവർത്തകരെപ്പറ്റിയോ ഉന്നയിക്കരുത്. ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങൾ മുതലെടുത്ത് വോട്ടു പിടിക്കുന്നത് കുറ്റകരമാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അകമ്പടി വാഹനങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി ഉപയോഗിക്കുന്ന വാഹനത്തിന്റെ മുൻവശത്ത് വരണാധികാരി നൽകുന്ന പെർമിറ്റ് കാണത്തക്കവിധം പ്രദർശിപ്പിക്കണം.