തൃശൂർ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നത് വരെ വിമതരിൽ മൂന്നാം കണ്ണുമായി രാഷ്ട്രീയ പാർട്ടികൾ. പത്രികാ സമർപ്പണം ഇന്നലെ തീരുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് പല മുന്നണികളും സ്ഥാനാർത്ഥി പ്രഖ്യാപനം അവസാനമായി പൂർത്തിയാക്കിയത്.
പല സ്ഥലങ്ങളിലും ഒന്നിലധികം പേർ വന്നതോടെ സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയാവുകയായിരുന്നു. ഒടുവിൽ എതിർശബ്ദക്കാരെ പരമാവധി അനുനയിപ്പിച്ചാണ് സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കിയത്. എന്നാൽ അതുകൊണ്ടും തൃപ്തിവരാത്ത പലരും ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ രംഗത്ത് വരുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇതിന് തടയിടാൻ രാഷ്ട്രീയ പാർട്ടിക്കാർ നിരീക്ഷണത്തിന് സ്‌ക്വാഡുകളെ രംഗത്ത് ഇറക്കിയത്.
ഇന്നലെ മൂന്ന് വരെയായിരുന്നു പത്രികാ സമർപ്പണത്തിന്റെ സമയം. എന്നാൽ തങ്ങൾക്കെതിരെ തീർത്ത വലയം കടന്നും പലരും വരണാധികാരികൾക്ക് മുന്നിലെത്തി പത്രിക സമർപ്പിച്ചു. എല്ലാ കക്ഷികളും സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കി കഴിഞ്ഞതോടെയാണ് സീറ്റ് ലഭിക്കാത്തവർ ഭീഷണിയുമായി തലപൊക്കി തുടങ്ങിയത്. തൃശൂർ കോർപറേഷനിൽ അടക്കം സ്ഥാനാർത്ഥിത്വം ലഭിക്കാത്ത നിരവധി പേരുണ്ട്. പലരും പരസ്യമായി വിമത ഭീഷണി ഉയർത്തിക്കഴിഞ്ഞു. എന്നാൽ പത്രിക നൽകിയാലും അവരെയെല്ലാം പിൻവലിപ്പിക്കാനാകും എന്നാണ് മുന്നണി നേതാക്കൾ പറയുന്നത്. എന്നാൽ ഔദ്യോഗിക സ്ഥാനാർത്ഥികളുടെ നെഞ്ചിടിപ്പ് ഇവർ പത്രിക പിൻവലിക്കും വരെയുണ്ടാകും.
ഒരേ പേരുകാരെ തേടി ഓട്ടം
എതിർ സ്ഥാനാർത്ഥികളുടെ അതേ പേരുകാരെ നിറുത്തി പരമാവധി വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ശ്രമവും ഊർജ്ജിതമാണ്. ചെറിയ ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ഇത്തരം ഒരേ പേരുകാർ തിരഞ്ഞെടുപ്പ് ഫലത്തെ ഏറെ സ്വാധീനിക്കുമെന്ന് കണ്ടറിഞ്ഞാണ് ഈ തന്ത്രം പയറ്റിയത്. കോർപറേഷനിൽ ഇതിനോടകം രണ്ട് ഡിവിഷനുകളിൽ ഒരേ പേരിലുള്ള സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. തേക്കിൻക്കാട് ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർത്ഥി പൂർണ്ണിമ സുരേഷിന്റെ എതിരാളി എൽ.ഡി.എഫിലെ പൂർണ്ണിമ ശ്രീറാം ആണ്. അയ്യന്തോളിൽ യു.ഡി.എഫിലെ എ. പ്രസാദിനെ നേരിടുന്നത് ബി.ജെ.പിയിലെ എൻ. പ്രസാദാണ്.