തൃശൂർ: നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുക്കുന്നു. ഇന്ന് സൂക്ഷ്മ പരിശോധന കഴിഞ്ഞാൽ യഥാർത്ഥ ചിത്രം വെളിവാകും. കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകളിൽ ഇതിനോടകം തന്നെ സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു.
രണ്ട് ദിവസമായി പത്രിക സമർപ്പണത്തിന്റെ തിരക്കിലായതിനാൽ സ്ഥാനാർത്ഥികളുടെ വീടുകയറിയുള്ള പ്രചാരണം കുറവായിരുന്നു. എന്നാൽ ഇന്ന് മുതൽ കളം നിറയാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. സ്ഥാനാർത്ഥികളുടെ ഫോട്ടോ വച്ചുള്ള ഫ്‌ളക്‌സുകളും പോസ്റ്ററുകളും നിറഞ്ഞു തുടങ്ങി. സാമൂഹിക മാദ്ധ്യമങ്ങളിൽ ഓരോ ദിവസവും വ്യത്യസ്തങ്ങളായ പ്രചാരണ രീതികളാണ് അവംലംബിക്കുന്നത്. പാർട്ടി സ്ഥാനാർത്ഥികൾ തങ്ങളുടെ ചിഹ്നം പതിച്ച് തുടങ്ങിയെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് സൂക്ഷ്മപരിശോധനയും പിൻവലിക്കേണ്ട സമയവും കഴിഞ്ഞാലേ ചിഹ്നം ലഭിക്കൂ.
പ്രചാരണ തന്ത്രം മാറ്റി സ്ഥാനാർത്ഥികൾ
കൊവിഡ് പ്രോട്ടോക്കാൾ പാലിക്കണമെന്ന കർശനമായ മുന്നറിയിപ്പ് വന്നതോടെ പ്രചാരണ രീതികൾ മാറ്റി പരീക്ഷിക്കുകയാണ് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികൾക്ക് ഒപ്പം മൂന്നു പേരിൽ കൂടുതൽ പാടില്ലെന്ന നിബന്ധന ഉള്ളതിനാൽ ഒറ്റയ്ക്കുള്ള പ്രചാരണ രീതികളും പരീക്ഷിക്കുന്നുണ്ട്. പല വീടുകളിലും മൂന്നു പേർ എത്തുന്നത് പലർക്കും ഇഷ്ടപ്പെടുന്നില്ല.
കരുതലായി സാനിറ്റൈസർ
വീടുകളിലെത്തുന്ന സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരുടെയും കൈയിൽ സാനിറ്റൈസറുണ്ട്. വീട്ടുകാർക്ക് സാനിറ്റൈസർ നൽകിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. പലരും ദീർഘ നേരത്തെ സംഭാഷണത്തിനും മുതിരാറില്ല. മുഖം പോലും കാണിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് സ്ഥാനാർത്ഥികൾ. മാസ്‌ക് താഴ്ത്താൻ ശ്രമിച്ചാൽ വോട്ടർമാർ തന്നെ മുന്നറിയിപ്പ് നൽകുന്നതും പല സ്ഥലങ്ങളിലും കാണാം.
കൺവെൻഷൻ തുടങ്ങി
സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ മുന്നണികളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കാൾ ഉള്ളതിനാൽ വിപുലമായ കൺവെൻഷൻ ഇല്ല. കൂടുതലും വാർഡ് തലത്തിലുള്ള കൺവെൻഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്. കുടുംബ സംഗമങ്ങളും നിബന്ധനകൾക്ക് അനുസരിച്ച് മാത്രമേ നടത്താൻ പാടുള്ളൂ.