തൃശൂർ : പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ മത്സരിച്ച അനുഭവ സമ്പത്തുമായാണ് ആമ്പല്ലൂർ ജില്ലാ പഞ്ചായത്ത് എൻ.ഡി.എ സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാട് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച ഷാജുമോൻ 11-ാമത് തിരഞ്ഞെടുപ്പിലാണ് ജനവിധി തേടുന്നത്. 1995ൽ 21 ാം വയസിൽ കൊടകര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കന്നി അംഗം കുറിച്ചു.
1996 ൽ നെന്മണിക്കര ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിലും 2003ലും 2008ലും കൊടകര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും 2006ലും 2016ലും ചേലക്കര നിയോജക മണ്ഡലത്തിൽ നിന്നും 2011ൽ വടക്കാഞ്ചേരി നിയോജകമ ണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു.
2014ൽ ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേക്ക് പയറ്റി. 2005ലും 2015ലും പുതുക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി. കേരളത്തിൽ നടന്നിട്ടുള്ള ഒട്ടു മിക്ക ഉപതിരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിട്ടുണ്ട്.
1991ൽ ഒരുമിച്ചു നടന്ന നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പിൽ മുഴുവൻ സമയ പ്രവർത്തകനായിരുന്നു. അരുവിക്കര, നെയ്യാറ്റിൻകര, കോന്നി ഉപതിരഞ്ഞെടുപ്പിലും ചുമതല വഹിച്ചു.
25 വർഷമായി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലുണ്ട്. ബി.ജെ.പി സംസ്ഥാന ഭാരവാഹികളിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സീനിയർ നേതാവ് കൂടിയാണ് ഷാജുമോൻ വട്ടേക്കാട്. മുൻ കബഡി താരവും പഞ്ചഗുസ്തി അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമാണ്. ഇതുവരെയും വിജയം കൈവരിക്കാനായിട്ടില്ലെങ്കിലും സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെയാണ് മത്സരങ്ങളെല്ലാം.