തൃപ്രയാർ: റിബൽ സ്ഥാനാർത്ഥിത്വവുമായി മുന്നോട്ട് പോകുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചിരിക്കെ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മൂത്തകുന്നം ഡിവിഷനിൽ റിബൽ സ്ഥാനാർത്ഥി രംഗത്ത്. ഇത്തവണ മത്സരത്തിനില്ലായെന്ന് പരസ്യമായി പ്രഖ്യാപിച്ച മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കെ.ജെ യദുകൃഷ്ണ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മൂത്തകുന്നം ഡിവിഷനിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകി.

കഴിമ്പ്രം ഡിവിഷനിൽ നിർദ്ദേശിച്ച അദ്ധ്യാപകരായ രണ്ട് പേരെ മറികടന്ന് ഡിവിഷനിൽ താമസമില്ലാത്ത മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതും മൂത്തകുന്നം ഡിവിഷനിൽ സി.ജി അജിത്കുമാറിനെ മാറ്റി യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സുമേഷ് പാനാട്ടിലിനെ സ്ഥാനാർത്ഥിയാക്കിയതുമാണ് പ്രശ്നത്തിന് തുടക്കമായത്. രണ്ട് സ്ഥാനാർത്ഥികളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭാ സുബിൻ്റെ നോമിനികളാണ്.

യു.ഡി.എഫ് ഇതുവരെ വിജയിക്കാതിരുന്ന കഴിമ്പ്രം ഡിവിഷനിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡിവിഷനിലെ ആറ് വാർഡുകളിലും പരാജയപ്പെട്ടിട്ടും 643 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടിയ യദുകൃഷ്ണയുടെ സ്ഥാനാർത്ഥിത്വം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിമ്പ്രം, മൂത്തകുന്നം ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ തിരുത്താൻ നേത്യത്വം തയ്യാറായില്ലെങ്കിൽ നിലപാടിൽ നിന്ന് പിന്മാറില്ലെന്ന് യദുകൃഷ്ണ പറഞ്ഞു.

ഗ്രൂപ്പ് തർക്കങ്ങളേക്കാൾ അപ്പുറത്ത് മേഖലയിലെ യൂത്ത് കോൺഗ്രസിലെ രണ്ട് നേതാക്കളുടെ വർഷങ്ങൾ നീണ്ട പോര് ഈ തിരഞ്ഞെടുപ്പിൽ രൂക്ഷമായ പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ധീവരസഭ നേതാവ് ജനാർദ്ധനൻ പി.വി, സ്വാതന്ത്ര്യ സമര സേനാനി സി.കെ.ജി വൈദ്യരുടെ മകനും മുൻ നാട്ടിക പഞ്ചായത്ത് അംഗവുമായ സി.ജി അജിത്കുമാർ എന്നിവരും മൂത്തകുന്നം ഡിവിഷനിൽ നോമിനേഷൻ നൽകിയിട്ടുണ്ട്.