ചാലക്കുടി: പത്ര പ്രവർത്തകരായ രണ്ടുപേർ നേർക്കുനേർ വന്നതോടെ ഗായത്രി ആശ്രമം വാർഡിലെ മത്സരത്തിന് പുതുമ കൈവന്നു. പ്രസ് ക്ലബ്ബിലെ രണ്ടു അംഗങ്ങളാണ് കലാഭവൻ മണിയുടെ തട്ടകമായിരുന്ന ഇവിടെ അങ്കംകുറിച്ചത്. മുൻ കൗൺസിലർ വി.ജെ. ജോജിയും, പ്രസ് ക്ലബ്ബ് സെക്രട്ടറി സി.കെ. പോളുമാണ് ഈ സ്ഥാനാർത്ഥികൾ. ഹൗസിംഗ് ബോർഡ് വാർഡിൽ എൽ.ഡി.എഫ് കൗൺസിലറും പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റുമായ വി.ജെ. ജോജി ഇക്കുറി സ്വതന്ത്രനായാണ് ജനവിധി തേടുന്നത്. എതിരാളിയായ സി.കെ. പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. ഇതിനു പുറമെ എൽ.ഡി.എഫിലെ ജോഷി ചിറമേലും രംഗത്തെത്തിയതോടെ താലൂക്ക് ആശുപത്രി നിലകൊള്ളുന്ന വാർഡ് തീപാറുന്ന മത്സരത്തിന് വേദിയാകുമെന്ന് ഉറപ്പായി.

നഗരസഭയിലെ ഏറ്റവും കൂടുതൽ വികസനം നടന്നത് തന്റെ വാർഡിലായിരുന്നുവെന്ന് ജോജി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലു പതിറ്റാണ്ടായി പത്ര പ്രവർത്തന രംഗത്തുള്ള തനിക്ക് ഗായത്രി ആശ്രമം വാർഡിലെ വികസനത്തിന് നിരവധി കാര്യങ്ങൾ ചെയ്യാനാകുമെന്ന് സി.കെ. പോളും അവകാശപ്പെട്ടു.