ഗുരുവായൂർ: ഗുരുവായൂരിൽ തർക്കം തീരാതെ യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക. പത്രിക സമർപ്പിക്കാനുള്ള അവസാന സമയവും പിന്നിട്ടപ്പോഴും പട്ടിക പൂർണ്ണമാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. 43 വാർഡുകളിൽ 41 വാർഡുകളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 39, 42 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാത്തത്. ഈ രണ്ടു വാർഡുകളിലും കോൺഗ്രസും ഘടക കക്ഷികളും തമ്മിലാണ് തർക്കം. 39 സി.എം.പിയും 42 കേരള കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ രണ്ട് സീറ്റും ഘടക കക്ഷികൾക്ക് വിട്ട് കൊടുക്കുന്നതിൽ കോൺഗ്രസിൽ ശക്തമായ എതിർപ്പുണ്ട്. 39ലും 42ലും നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നു. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ കോൺഗ്രസും ഘടക കക്ഷികളും പത്രിക സമർപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് കൗൺസിലറായിരുന്ന ആന്റോ തോമസ് മത്സരിക്കുന്ന 32-ാം വാർഡിൽ കോൺഗ്രസ് കൗൺസിലറായിരുന്ന എ.ടി. ഹംസയും ഇന്നലെ റിബലായി പത്രിക നൽകിയിട്ടുണ്ട്. പല വാർഡുകളിലും കോൺഗ്രസിന് റിബലുകൾ നിലവിലുണ്ട്. പത്രിക പിൻവലിക്കുന്നതിന് മുമ്പ് പ്രശ്‌നങ്ങൾ പരിഹരിക്കാം എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം.