മതിലകം: മതിലകത്ത് സി.പി.ഐ ഈഴവ സമുദായത്തെ പാടെ ആവഗണിച്ചെന്ന് ആക്ഷേപം. എൽ.ഡി.എഫ് ശക്തി കേന്ദ്രങ്ങളിലൊന്നും ഈഴവ സമുദായത്തിന് മുൻതൂക്കവുമുള്ള സ്ഥലമാണ് മതിലകം. എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.ഐക്ക് ലഭിച്ച ആറ് സീറ്റുകളിൽ ഒന്നിൽ പോലും ഈഴവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് പേരിലൊരാൾ കൂറ് മാറിയെങ്കിലും അവശേഷിച്ച നാല് പേരിലൊരാൾ ഉൾപ്പെടെ നാളിതുവരെയുണ്ടായിട്ടുള്ള സി.പി.ഐ അംഗങ്ങളിലെല്ലാം ഈ സമുദായത്തിൽ നിന്നുള്ളവരുണ്ടായിരുന്നു. അതേസമയം പതിനൊന്ന് സീറ്റിൽ മത്സരിക്കുന്ന സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പട്ടിക ഇത്തരം ആക്ഷേപങ്ങൾക്കൊന്നും ഇട നൽകാതെയുള്ളതാണ്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരെ സംവരണ സീറ്റുകളിൽ മാത്രം പരിഗണിച്ചുപോരുന്ന പതിവ് രീതിയിൽ മാതൃകാപരമായ മാറ്റംവരുത്തി, ജനറൽ സീറ്റുകളിൽ നാലെണ്ണത്തിൽ പട്ടികജാതി വിഭാഗത്തിന് നൽകിയതിലൂടെ ശ്രദ്ധേയമായ മതിലകത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയാണ് സി.പി.ഐയിൽ ഈഴവരില്ലാത്ത പ്രശ്നം ഉയർന്ന് വരാനിടയാക്കിയത്. യു.ഡി.എഫിലെ ഭരിപക്ഷം സീറ്റുകളിലും മത്സരിക്കുന്ന കോൺഗ്രസ് (ഐ)യും കടുത്ത പോരാട്ടത്തിന് സജ്ജമായിട്ടുള്ള എൻ.ഡി.എയും സാമുദായിക സമവാക്യം പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട കക്ഷികളും പ്രതികരിക്കുന്നു.