chat

തൃശൂർ: ഇന്ന് രാവിലെ ആരംഭിച്ച സൂക്ഷ്മ പരിശോധന വൈകിട്ടോടെ പൂർത്തിയാകുമ്പോൾ സ്ഥാനാർത്ഥി ചിത്രം തെളിയും. ഔദ്യോഗിക സ്ഥാനാർഥികൾ എല്ലാം പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. പ്രധാനമായും സോഷ്യൽ മീഡിയയിൽ ഉള്ള പ്രചാരണം ആണിപ്പോൾ നടക്കുന്നത്. എന്നാൽ പല ഗ്രൂപ്പുകളിലും നൂറുകണക്കിന് പോസ്റ്റുകളാണ് ദിവസവും വരുന്നത്. അതു കൊണ്ട് തന്നെ ഇത്തരം പ്രചാരണം എത്രത്തോളം ഫലം കാണുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രാദേശികമായ പല ഗ്രൂപ്പുകളും അഡ്മിൻ ഓൺലി ആയി മാറ്റിയതും തിരിച്ചടി ആയിട്ടുണ്ട്. ഭൂരിഭാഗം ഗ്രൂപ്പുകളിലും വ്യത്യസ്ത പാർട്ടികളിൽ ഉൾപ്പെട്ടവർ ആയതിനാൽ വാദപ്രതിവാദങ്ങൾ ഉയർന്ന് ഗ്രൂപ്പിന്റെ മാനദണ്ഡങ്ങൾ മറികടക്കുന്നുവെന്ന ആക്ഷേപം ഉയർന്നു തുടങ്ങി. മത - സമുദായിക സംഘടനകളുടെ ഗ്രൂപ്പുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സ്വന്തമായി ഗ്രൂപ്പുകൾ തുടങ്ങി പരമാവധി വോട്ടർമാരെ അതിൽ ഉൾപ്പെടുത്തി പ്രചാരണം നടത്താനുള്ള ശ്രമത്തിലാണ് എല്ലാവരും.എല്ലാ വാർഡുകളിലും ഇതിനായി ഐ.ടി ടീമിനെ തന്നെ നിശ്ചയിച്ചിട്ടുണ്ട്.

വിമതർ തലവേദന

പല സ്ഥലങ്ങളിലും വെല്ലുവിളിയായി വിമതർ രംഗത്ത് വന്നത് മുന്നണികൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, പത്രിക പിൻവലിക്കാനുള്ള സമയം തീരുമ്പോഴേക്കും പരിഹാരം കാണാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിൽ ആണ് എല്ലാവരും. സ്ഥാനാർത്ഥികൾ പരമാവധി തവണ വീടുകളിൽ എത്തി വോട്ടർമാരെ കാണാനുള്ള തിരക്കിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ആരോഗ്യ വകുപ്പിന്റെയും ഉത്തരവ് ഉള്ളതിനാൽ കരുതലോടെയാണ് പ്രവർത്തിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ മറി കടക്കുന്നവരെ പിടികൂടാൻ അടുത്ത ദിവസങ്ങളിൽ സ്ക്വാഡുകൾ രംഗത്ത് ഇറങ്ങും. മൈക്ക് പ്രചാരണം, പൊതു യോഗങ്ങൾ, കുടുംബ യോഗം എന്നിവ നിയന്ത്രണങ്ങൾ പാലിച്ചു മാത്രം നടത്താൻ പാടുള്ളൂവെന്ന നിർദ്ദേശവും സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തിരിച്ചടി ആണ്. ശക്തി പ്രകടനം നടത്തി ട്രെൻഡ് സൃഷ്ടിക്കാൻ സാധിക്കാതെ വരും. അത് മറി കടക്കാനുള്ള ബദൽ മാർഗങ്ങളും തേടുകയാണ്.